Site iconSite icon Janayugom Online

ഷാഫിയുടെ ഒരൊറ്റ കള്ളം; നരബലിയുടെ ചുരുളഴിച്ച് പൊലീസ്

shafishafi

ഇലന്തൂരിലെ ഇരട്ട നരബലി സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്ത് കൊണ്ടുവന്നത് മികച്ച രീതിയിലുള്ള അന്വേഷണത്തിലൂടെ. കൊച്ചിയിൽ ലോട്ടറി വിൽക്കുന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെ കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിയുകയായിരുന്നു.
മിസ്സിങ് കേസിലെ അന്വേഷണത്തിൽ പൊലീസ് ആദ്യം തന്നെ ഷാഫിയിലേക്ക് എത്തി. ഈ അന്വേഷണത്തിൽ ഷാഫിക്ക് പറ്റിയ ചെറിയ ഒരു നാവുപിഴയാണ് ആദ്യം തന്നെ അയാളിലേക്ക് എത്താൻ പൊലീസിന് സാധിച്ചത്. സെപ്റ്റംബർ 27 നാണ് കടവന്ത്ര സ്വദേശിയായ പത്മയെന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസിന് ഇവർ തിരുവല്ലയിലെത്തിയെന്ന് മനസിലാക്കാൻ സാധിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ തിരുവല്ലയിൽ നിന്നും പത്മത്തിന്റെ അവസാന കോളുകൾ പോയത് ഷാഫിയുടെ ഫോണിലേക്കാണെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ സാധിച്ചത്.
പത്മയെ കാണാതായ ദിവസം വാഹനം എവിടെയായിരുന്നുവെന്നാണ് പ്രധാനമായും ഷാഫിയോട് പൊലീസ് ചോദിച്ചത്. വാഹനം മറ്റൊരാൾ കൊണ്ടുപോയെന്നായിരുന്നു പൊലീസിന്റെ ചോദ്യത്തിനുള്ള ഷാഫിയുടെ മറുപടി. ഷാഫി പറഞ്ഞ ഈ കള്ളമാണ് അന്വേഷണത്തിൽ പൊലീസിന് ഏറെ സഹായകരമായത്. അതുവരെ എല്ലാ വിധത്തിലുമുള്ള പഴുതടച്ച മറുപടികളിലൂടെ പൊലീസ് അന്വേഷണത്തെ വട്ടം ചുറ്റിക്കുകയായിരുന്നു ഷാഫി.
എന്തുകൊണ്ടാണ് മറ്റൊരു വാഹനത്തിൽ തിരുവല്ലയ്ക്ക് പോയെന്ന ചോദ്യത്തിനാണ്, തന്റെ വണ്ടി മറ്റൊരാൾ കൊണ്ടുപോയെന്ന മറുപടി ഷാഫി നല്‍കിയത്. തുടർന്ന് ഷാഫി വാഹനം കൊണ്ടുപോയെന്ന് പറഞ്ഞയാളെ പൊലീസ് തേടിപ്പിടിച്ചപ്പോൾ താൻ വാഹനം കൊണ്ടുപോയിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് ഷാഫിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്ത്രീകളെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചതായുള്ള വിവരം ലഭിച്ചത്. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ തന്നെ ഇലന്തൂരിലെ വീട്ടിലെത്തി ഭഗവൽ സിങ്ങിനെയും ലൈലയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് ശ്രീദേവിയെന്ന വ്യാജ അക്കൗണ്ടിലൂടെ ഷാഫി തങ്ങളെ ബന്ധപ്പെട്ട കാര്യവും ഐശ്വര്യത്തിനും ക്ഷേമത്തിനുമായി നരബലി നടത്തിയെന്ന വിവരങ്ങളും പുറത്ത് വരുന്നത്.
കൊച്ചിയിൽനിന്നു സ്കോർപിയോ കാറിൽ ഇവർ കയറിപ്പോകുന്ന സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിരുന്നു. കാർ എവിടെയൊക്കെ പോയി എന്ന അന്വേഷണവും എത്തിനിന്നതും ഇലന്തൂരിലെ വീട്ടിലായിരുന്നു.
ഭഗവൽ സിങ്ങിന്റെ അയൽവാസി ജോസ് തോമസിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്കോർപിയോ കാർ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിയതായി കണ്ടെത്തിയതോടെ ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ച് തന്നെയായി പൊലീസ് അന്വേഷണം. തുടർന്നാണ് കൊച്ചിയിൽ നിന്നുള്ള സംഘം ഇലന്തൂരിലെ വീട്ടിലെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്. 

Eng­lish Sum­ma­ry: Shafi’s a sin­gle lie; The police unrav­eled the mys­tery of human sacrifice

You may like this video also

Exit mobile version