Site iconSite icon Janayugom Online

ശംഭു അതിര്‍ത്തി തര്‍ക്കം: പഞ്ചാബ് ഹരിയാന സര്‍ക്കാരുകളോട് പരിഹാരം കാണാന്‍ സുപ്രീംകോടതി നിര്‍ദേശം

ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സമിതി രൂപീകരിക്കാന്‍ പഞ്ചാബ് ‚ഹരിയാന സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദേശം. പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച നടത്താൻ സ്വതന്ത്രരായ വ്യക്തികളുടെ സമിതി രൂപീകരിക്കാനാണ് കോടതി നിർദേശിച്ചത്.ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരുകളോട് നിര്‍ദേശം മുന്നോട്ടുവച്ചത്. 

കർഷകരുടെ ആവശ്യങ്ങൾ ന്യായമായതിനാല്‍ പരിഹാരം കണ്ടെത്തനായി അവരുമായി ബന്ധപ്പെടാൻ കഴിയുന്ന വ്യക്തികളെ ഉൾപ്പെടുത്തിയാകണം സമിതി രൂപീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക് വരുന്നതില്‍ പ്രശ്നമില്ല എന്നാല്‍ ട്രാക്ടറുകളും ജെസിബികളുമായി പ്രതിഷേധിക്കാന്‍ വരുന്നതിലാണ് പ്രശ്നമെന്ന് ഹരിയാന സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയില്‍ പറഞ്ഞു.

ഹൈവേ ഉപരോധം സംസ്ഥാനത്തിന് സാമ്പത്തികമായി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിങ് വ്യക്തമാക്കി. ഫെബ്രുവരി 13 മുതൽ കർഷകർ ക്യാമ്പ് ചെയ്യുന്ന അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിലെ ബാരിക്കേഡിങ് ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഹരിയാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ശംഭു അതിർത്തിയിലെ ബാരിക്കേഡ് ഒരാഴ്ചയ്ക്കകം നീക്കണമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജൂലൈ 10ന് ഹരിയാന സർക്കാരിനോട് ഉത്തരവിട്ടിരുന്നു.

Eng­lish Sum­ma­ry: Shamb­hu bor­der dis­pute: Supreme Court directs Pun­jab and Haryana gov­ern­ments to find a solution

You may also like this video

YouTube video player
Exit mobile version