Site iconSite icon Janayugom Online

(അ)ശാന്തി നികേതന്‍ ചിന്തകള്‍

Rabindranatha tagoreRabindranatha tagore

എങ്ങുമാനസമൊക്കെയും നിര്‍ഭയം
എങ്ങു ശീര്‍ഷങ്ങള്‍ മാനസമുന്നതം…
മുക്തി തന്റെയാ സ്വർഗരാജ്യത്തിലേ-
ക്കെന്റെ നാടൊന്നുയരണേ ദൈവമേ!’

ഗുരുദേവന്റെ പ്രശസ്തമായ വരികളാണ്. പേടിയില്ലാത്ത മനസും ആകാശം മുട്ടുന്ന കുനിക്കാത്ത ശിരസും സ്വപ്നം കണ്ട് നാട് സ്വര്‍ഗമാവണമെന്നാഗ്രഹിച്ച ബംഗാളിന്റെ കവിയല്ല വിശ്വമഹാകവി ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ സംഗീതത്തിന്റെ ഒരു വരിയെങ്കിലുമറിയാത്ത ബംഗാളിയില്ല. സാഹിത്യം, സംഗീതം, നാടകം, നൃത്തം തുടങ്ങി സര്‍വാശ്ലേഷിയായ ഒരു സാഗരജന്മമാണ് ശാന്തിനികേതനത്തിന്റെയും വിശ്വഭാരതിയുടെയും പിന്നില്‍. വ്യക്തിയുടെ പ്രകാശനം, പ്രകൃതിയുടെ തനിമയോളം വ്യാപിപ്പിക്കാന്‍ അദ്ദേഹം കണ്ടെത്തിയ പഠനസംഹിതയില്‍ എല്ലാമുണ്ടായിരുന്നു. എന്തിനാണ് ഈ അസ്ഥാനത്ത് ടാഗോറിനെക്കുറിച്ചെഴുതുന്നത് എന്ന് കരുതുന്നവരുണ്ടാവാം. കാരണമെന്തെങ്കിലുമില്ലാതെ കാര്യമുണ്ടാവില്ലല്ലോ. പശ്ചിമബംഗാളില്‍ നിന്ന് ഈയിടെയായി ശാന്തിനികേതനുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്തകളാണ് നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്നത്. ഒന്നുരണ്ടു മാസങ്ങള്‍‌ക്ക് മുമ്പ് ഇതേ കോളത്തില്‍, ശാന്തിനികേതനുമായി ബന്ധപ്പെട്ട് ഒരു ലേഖനം ഞാനെഴുതിയിരുന്നു. അന്നത്തെ വാര്‍ത്ത ആഗോളപ്രശസ്തനായ ചിന്തകന്‍ അമര്‍ത്യാസെന്നുമായി ബന്ധപ്പെട്ടതായിരുന്നു. വിശ്വഭാരതിയുടെ ഒന്നോ ഒന്നരയോ സെന്റ് ഭൂമി സെന്‍ വളച്ചുകെട്ടി സ്വന്തമാക്കിയത്രെ. അത് തിരിച്ചുപിടിക്കാന്‍ മോഡി സര്‍ക്കാര്‍ ഉത്തരവിട്ടു. ടാഗോറിന്റെ മാനസപുത്രനായ ലോകപ്രശസ്തനായ നൊബേല്‍ പുരസ്കാര ജേതാവ് സെന്‍ ഒരു തുണ്ടുഭൂമി ഒപ്പിച്ചെടുത്തെന്നാരോപിച്ച് ഒരു കേന്ദ്രസര്‍ക്കാര്‍ അപവാദം പ്രചരിപ്പിച്ചു. കാരണം അതല്ല, കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ പോക്ക് മറയില്ലാതെ വിമര്‍ശിച്ചു സെന്‍. അതദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ പ്രകാശനം മാത്രമായിരുന്നു. ഇന്ത്യക്കു നല്‍കിയ ഒരു പാഠം മാത്രമായിരുന്നു. അത്രയ്ക്കൊന്നും മുന്നേറാനാവാത്ത ഒരു സര്‍ക്കാരിന് ഇത്തരം പൊട്ടക്കാരണങ്ങള്‍ കണ്ടെത്താനല്ലേ സാധിക്കൂ.


ഇതുകൂടി വായിക്കൂ: ഋത്വിക് ഘട്ടക്കിനെ ഓര്‍ക്കുമ്പോള്‍


അമര്‍ത്യയുടെ ഔന്നത്യം അവര്‍ക്കറിയില്ലല്ലോ. രവീന്ദ്രനാഥ ടാഗോര്‍ 1901ല്‍ സ്ഥാപിച്ച ശാന്തിനികേതന്‍ ലോകപെെതൃക സ്ഥാപനമായി യുനസ്കോ പ്രഖ്യാപിച്ച വാര്‍ത്ത വന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ മഹേഷ് ദേവേന്ദ്രനാഥ ടാഗോറാണ് തന്റെ വകകളൊക്കെ വിറ്റ് ഇതിനായി കുറേ സ്ഥലം സ്വന്തമാക്കിയത്. ദേവേന്ദ്രനാഥ് ടാഗോര്‍ റാം മോഹന്‍റായിയുടെ സഹപ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്നു. ആദരം നല്‍കിയാണ് ബംഗാള്‍ അദ്ദേഹത്തെ മഹര്‍ഷി എന്ന് വിളിച്ചത്. ഇങ്ങനെയൊരു അച്ഛന്റെ മകന്‍, മനുഷ്യജീവിതത്തിന്റെ സാധ്യതകളെ അപരിമിതമാക്കാനാണ് ശാന്തിനികേതനും വിശ്വഭാരതിയുമൊക്കെ തുടങ്ങിയത്. അറിവിലൂടെ സ്വാതന്ത്ര്യം എന്നതായിരുന്നു ഗുരുദേവിന്റെ സന്ദേശം. അതൊക്കെ ശരി, ഇപ്പോഴത്തെ പ്രശ്നമെന്താണെന്നല്ലേ. ദേശീയ പെെതൃകമായി യുനെസ്കോ പ്രഖ്യാപിച്ചതിന്റെ ഫലകം മൂന്നിടത്ത് സ്ഥാപിച്ചതില്‍ രണ്ടു പേരുകളേയുള്ളു. ചാന്‍സലറായ നരേന്ദ്രമോഡി, ഇപ്പോഴത്തെ വെെസ് ചാന്‍സലര്‍ ബിദ്യുത് ചക്രവര്‍ത്തി. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ പേരെങ്ങും ഇല്ല. അങ്ങനെയൊരാള്‍ ആ വഴിക്ക് പോയതായും സൂചനയില്ല. മുന്‍ചൊന്ന രണ്ട് പേരുകളും ചരിത്രത്തിന്റെ മഹാപഥങ്ങളില്‍ ഒന്നും ആരുമല്ലെന്നറിയാതെ പോയതിന്റെ രോഷവും സങ്കടവും നമുക്കുണ്ട്. അതിന്റെ പ്രതിഷേധം അവിടെ തുടങ്ങിക്കഴിഞ്ഞു. ഒരു ഫലകത്തില്‍ പേര് വരാത്തതുകൊണ്ട് കാലം മറന്നുപോവുന്ന വ്യക്തിയല്ല ഗുരുദേവ്. 1913ല്‍ അദ്ദേഹത്തിന് നൊബേല്‍ പുരസ്കാരം നല്‍കിയപ്പോള്‍ ബഹുമാനിതമായത് നൊബേല്‍ അക്കാദമി ആയിരുന്നു. അതേ അക്കാദമിയിലേക്ക് ഗുരുവിന്റെ മാനസശിഷ്യന്‍ അമര്‍ത്യയും നടന്നുചെന്നു. മഹാഗുരുവിന്റെ ഓര്‍മ്മയില്‍ ശിരസ് നമിച്ച് പുരസ്കാരം വാങ്ങി. പ്രശ്നമതല്ല; ഒരു സംസ്കാരത്തിന്റെ, മഹാപെെതൃകത്തിന്റെ മഹത്വത്തിന്റെ നിഷേധവും നിരാസവുമാണ് അല്പന്മാര്‍ കാണിച്ചത്. അതുമാത്രമല്ല, വിശ്വഭാരതിയും ശാന്തിനികേതനും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ എന്ന വലിയ മനുഷ്യന്റെ പ്രിയ കേന്ദ്രങ്ങളായിരുന്നു.


ഇതുകൂടി വായിക്കൂ: ‘വിശ്വവിഖ്യാതമായ ഒരു ഭൂമി കയ്യേറ്റക്കേസ്


നെഹ്രു തന്റെ മകളെ അവിടെ പഠിക്കാനായച്ചിരുന്നു. ഒരിക്കല്‍ ടാഗോറിന് സ്ഥാപനം നടത്തിക്കൊണ്ടുപോവാന്‍ സാമ്പത്തികപ്രയാസം നേരിട്ടപ്പോള്‍ മഹാത്മാഗാന്ധി നേരിട്ടിറങ്ങി പലരോടും അഭ്യര്‍ത്ഥിച്ച് സ്ഥാപനത്തെ സഹായിച്ചിരുന്നു. അതിന്റെ കത്തിടപാടുകളും വായിക്കാം. ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ച് 1915ല്‍ ‘സര്‍’ സ്ഥാനം നല്‍കി. എന്നാല്‍ 1919 ഏപ്രില്‍ 13ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് അദ്ദേഹം ‘സര്‍’ സ്ഥാനം തിരിച്ചുനല്‍കി. നിരവധി നാടകങ്ങളും കവിതാസമാഹാരങ്ങളും ലേഖനങ്ങളും എഴുതി ബംഗാളി ഭാഷയെ അമരമാക്കിയ വ്യക്തി. രവീന്ദ്ര സംഗീതമെന്ന ഒരു സമ്പന്നമായ ശാഖ തന്നെ ഉണ്ടായി. ആ ടാഗോറിനെയാണ് ഒരു പ്രധാനമന്ത്രിയും ഒരു സാദാ വെെസ് ചാന്‍സലറും തമസ്കരിക്കാന്‍ ശ്രമിക്കുന്നത്. ‘ഈ മഹാസംഗീതത്തിന് മുന്നില്‍ ഞാനൊരു വെറും പ്രധാനമന്ത്രി മാത്രം’ എന്ന് എം എസ് സുബ്ബലക്ഷ്മിയോട് പറഞ്ഞ ജവഹര്‍ലാലിന്റെ നാടാണിത്. ടാഗോര്‍, ഗാന്ധിജിയോട് ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ശക്തിയായി വിയോജിച്ചിട്ടുണ്ട്. കഥയുടെയും സാഹിത്യത്തിന്റെയും ആത്യന്തിക സന്ദേശത്തെക്കുറിച്ച് പിണങ്ങി കത്തുകളെഴുതിയിട്ടുണ്ട്. പക്ഷെ അതവിടെ അവസാനിച്ചു. ഗാന്ധിജിയെ ‘മഹാത്മ’ എന്ന് നിരന്തരം അഭിസംബോധന ചെയ്തത് ടാഗോറായിരുന്നു. ‘ഇന്ത്യയുടെ മഹാനായ കാവല്‍ക്കാരന്‍’ (ദ ഗ്രേറ്റ് സെന്റിനല്‍ ഓഫ് ഇന്ത്യ) എന്നായിരുന്നു ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.


ഇതുകൂടി വായിക്കൂ: അപരാജിതര്‍


അത് വലിയവരുടെ കാലമായിരുന്നു. ഇപ്പോള്‍ നടക്കുന്ന ചരിത്രം മായ്ക്കല്‍ അധര്‍മ്മമാണ്. തമസ്കരണം തുടങ്ങിയത് ജവഹര്‍ലാലില്‍ നിന്നാണ്. നെഹ്രുവിനെ പട്ടേലിന്റെ ശത്രുവാക്കി. പട്ടേലിനെ സംഘ്പരിവാര്‍ ഭക്തനാക്കി. അപ്പോഴും നെഹ്രു ചിരിക്കുന്നു. അവസാനംവരെ പട്ടേലും നെഹ്രുവും അഭിപ്രായ വ്യത്യാസങ്ങളോടുകൂടിത്തന്നെ ആത്മസുഹൃത്തുക്കളായിരുന്നു. അല്പജീവികള്‍ക്ക് മാറ്റിയെഴുതാനാവുന്നതാണോ ഇന്ത്യയുടെ ചരിത്രം. ഇന്ത്യയുടെ സംസ്കാരം. വിശ്വമാനവികത സ്വപ്നം കണ്ട മഹാമനുഷ്യനെ ഒരു ഫലകംകൊണ്ട് വീഴ്ത്താമെന്നു കരുതിയതിലെ ഭോഷ്ക് അപാരം തന്നെ. വിശ്വഭാരതി എന്നാണദ്ദേഹം തന്റെ സ്ഥാപനത്തിന് പേരിട്ടത്. വിശ്വം ഉള്‍ക്കൊള്ളുന്ന ഭാരതം. വിശ്വത്തോളം വളരുന്ന ഭാരതി. ചൂണ്ടുവിരലില്‍ മഷിപുരളുന്ന നേരം നോക്കിമാത്രമിരിക്കുന്ന അധികാര സ്വരൂപങ്ങള്‍ക്ക് എന്ത് വിശ്വമാനവികത.

Exit mobile version