ഏഴുവർഷങ്ങൾക്കു മുൻപ് കരിവെള്ളൂരിലെത്തിയ ശാന്തിയെന്ന ജാര്‍ഖണ്ഡുകാരി കുടുംബത്തിലേക്ക് മടങ്ങി. മാനസിക നിലതെറ്റി കരിവെള്ളൂരില്‍ അലഞ്ഞുതിരിയുകയായിരുന്ന ഇവരെ പയ്യന്നൂർ പൊലീസാണ് പിലാത്തറ ഹോപ്പിൽ എത്തിച്ചത്. ദീർഘനാളെത്തെ ചികിത്സയും പരിചരണവും കൊണ്ട് ശാന്തി മുണ്ട പൂർണ്ണ ആരോഗ്യവതിയായി മാറുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും ഇവരെ കുടുംബത്തോടൊപ്പം മടക്കിയയക്കുകയുമായിരുന്നു.
ഹോപ്പിന്റെ നേതൃത്വത്തില്‍ ജന്മദേശമായ ജാർഖണ്ഡിലെ വെസ്റ്റ് സിംഗ് ഭും ജില്ലയിലെത്തിയാണ് ശാന്തിയെ ബന്ധുക്കളോടൊപ്പം മടക്കിയയച്ചത്.
ജാര്‍ഖണ്ഡ് ചായ് ബസ സഖി വൺ സ്റ്റോപ്പ് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ജാർഖണ്ഡ് വനിത ശിശു വികസന സാമുഹ്യസുരക്ഷാ വകുപ്പിന് വേണ്ടി നളിനി ഗോപ്പെ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് കൗൺസിലർ നമ്രത ഗോർ, മൾട്ടിപർപ്പസ് വർക്കർ നിത കോര, പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്റര്‍ സെക്രട്ടറി ജാക്വലിൻ ബിന്നസ്റ്റാൻലി, യുവ ഹോപ്പ് കോർഡിനേറ്റർ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു. ശാന്തി മുണ്ടയെ അമ്മായി ജയശ്രി മുണ്ട, സഹോദരി സുകുമതി മുണ്ട എന്നിവരെ ഏല്‍പ്പിച്ചു.