പ്രതിസന്ധികളിൽ തളരാതെ, വെല്ലുവിളികളെ സധൈര്യം നേരിട്ട് ജീവിത ലക്ഷ്യം നേടിയെടുത്ത് ശാരിക. സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് കോഴിക്കോട് കൊയിലാണ്ടി കീഴരിയൂർ സ്വദേശിനി ശാരിക എ കെ. ജന്മനാ രോഗബാധിതയായ ശാരികയ്ക്ക് ജനനം മുതൽക്കേ പേശികളുടെ ചലനം സാധ്യമായിരുന്നില്ല. ശരീരം തളർന്ന് വീൽച്ചെയറിലായെങ്കിലും അവളുടെ ആഗ്രഹങ്ങൾക്ക് രോഗാവസ്ഥ തളർച്ചയായില്ല. ഇടതുകൈയിലെ മൂന്നു വിരലുകൾ മാത്രമെ ചലിപ്പിക്കാൻ കഴിയുമായിരുന്നുള്ളുവെങ്കിലും ഇച്ഛാശക്തിക്ക് മുന്നിൽ പ്രതിസന്ധികൾ വഴിമാറി. ഐഎഎസിൽ ഇടം പിടിക്കണം എന്നായിരുന്നു ശാരികയുടെ ചെറുപ്പം മുതൽക്കുള്ള ആഗ്രഹം. രോഗത്തെ ഓർത്ത് വിഷമിച്ചിരിക്കാതെ ഇച്ഛാശക്തി കൊണ്ട് പൊരുതി സിവിൽ സർവീസ് പരീക്ഷയിൽ 922-ാം റാങ്ക് നേടിയിരിക്കുകയാണ് ശാരിക.
തിരുവനന്തപുരത്തെ അബ്സല്യൂട്ട് അക്കാദമിയിലെ ചിത്രശലഭം എന്ന പരിശീലന പദ്ധതിയാണ് ശാരികയുടെ ജീവിതത്തിൽ വഴിത്തിരിവായത്. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശാരിക ഓൺലൈനായും തിരുവനന്തപുരത്ത് നേരിട്ടുമായിരുന്നു പരിശീലനം നേടിയത്. രണ്ടു വർഷമായി നിരന്തര പരിശ്രമത്തിലായിരുന്നു ശാരിക. ആദ്യതവണ കിട്ടിയില്ലെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ ശാരിക തന്റെ ലക്ഷ്യം സാക്ഷാത്ക്കരിച്ചു. 2024 ലെ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി. തുടർന്ന് ജനുവരി 30ന് ഡൽഹിയിൽ നടന്ന ഇന്റർവ്യൂവിൽ മികവ് തെളിയിച്ചു. ഓൺലൈൻ ആയും തിരുവനന്തപുരത്ത് നേരിട്ടുമായിരുന്നു പരിശീലനം. കീഴരിയൂർ മാവിൻചുവട് സ്വദേശികളായ ശശിയുടേയും രാഖിയുടേയും മകളാണ്. പ്ലസ് ടു വിദ്യാർത്ഥിനിയായ ദേവിക സഹോദരിയാണ്.
നേട്ടത്തിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് ശാരിക പറഞ്ഞു.
പ്രാഥമിക പരീക്ഷയ്ക്ക് കോഴിക്കോട്ടെ സെന്ററിലേക്ക് അമ്മ എടുത്താണ് എത്തിച്ചത്. മെയിൻ പരീക്ഷയ്ക്ക് തിരുവനന്തപുരത്ത് മാത്രമായിരുന്നു പരീക്ഷാ കേന്ദ്രം. അതിന് വേണ്ടി അച്ഛൻ ലീവിടെത്ത് കൂടെ വന്നു. ഡൽഹിയിൽ ഇന്റർവ്യൂവിന് പോയപ്പോൾ കേരള ഹൗസിലായിരുന്നു താമസിച്ചത്. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പിന്തുണയാണ് നേട്ടത്തിലേക്കെത്താൻ തന്നെ സഹായിച്ചത്. തനിക്ക് മുമ്പിലുണ്ടായിരുന്ന സമയത്തെ ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നുവെന്നും ശാരിക വ്യക്തമാക്കി. നമ്മൾക്ക് തീവ്രമായ ആഗ്രഹമുണ്ടെങ്കിലും അത് നേടിയെടുക്കാൻ ലോകം നമ്മുടെ കൂടെ നിൽക്കുമെന്ന് തന്നെയാണ് ശാരികയ്ക്കും പറയുവാനുള്ളത്.
English Summary: Sharika bravely faced the challenges and directly achieved her life goal
You may also like this video