ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ “പറയുവാനേറെ” എന്ന പുസ്തകം പ്രകാശനം ചെയ്തു. യുവകലാസാഹിതി കേരള പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ വിഖ്യാത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
കമ്യൂണിസമെന്നാൽ മനുഷ്യത്വം എന്ന് പരിഭാഷപ്പെടുത്തിയ കെ ദാമോദരൻ, എൻ ഇ ബാലറാം, സി അച്ചുതമേനോൻ , ഇ ചന്ദ്രശേഖരൻ നായർ ശ്രേണിയിൽ പെടുന്ന ഒരു കമ്മ്യൂണിസ്റ്റാണ് ബിനോയി വിശ്വം എന്ന് ആലങ്കോട് പറഞ്ഞു. മനുഷ്യനെയും പ്രകൃതിയെയും പാരസ്പര്യത്തിൽ നിർത്തുന്ന രാഷ്ട്രീയമാണ് എഴുത്തുകാരന്റേത് എന്ന് ടി ഡി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
കമ്മ്യൂണിസത്തിൽ നിന്ന് മാനവികത കുറച്ചാൽ പിന്നെ ശൂന്യത മാത്രമാണ് എന്ന് മറുപടി പ്രസംഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയെ ഫാസിസത്തിൽ നിന്ന് മോചിപ്പിക്കാൻ മതേതര ജനാധിപത്യ വിശ്വാസികളുടെ യോജിച്ച മുന്നേറ്റത്തിൽ കൂടി മാത്രമേ സാധിക്കൂ എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ പ്രകാശന ചടങ്ങ് നിയന്ത്രിച്ചു. പുസ്തകം ഷാർജ പുസ്തകോത്സവത്തിലെ പ്രഭാതിന്റെ സ്റ്റാളിൽ ലഭ്യമാണ്.
YOU MAY ALSO LIKE THIS ;Sharjah International Book Festival; Binoy Viswam’s book was released