Site iconSite icon Janayugom Online

ഷര്‍ജീലിന്റെ ജാമ്യ ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണം: സുപ്രീം കോടതി

sharjeelsharjeel

ഡല്‍ഹി കലാപ കേസില്‍ തടവില്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാവ് ഷർജീൽ ഇമാം സമർപ്പിച്ച ജാമ്യ ഹര്‍ജി വേഗത്തിൽ തീർപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം. തന്റെ ജാമ്യാപേക്ഷ ഉടൻ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഷർജീൽ സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി നിർദേശം. ജാമ്യാപേക്ഷ കേൾക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എസ് സി ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നവംബർ 25 ന് ഹൈക്കോടതി കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

2022 മുതല്‍ ജാമ്യഹര്‍ജി തീർപ്പു കൽപ്പിക്കാതെ കിടക്കുകയാണെന്ന് ഷര്‍ജീല്‍ ഇമാമിന്റെ അഭിഭാഷകൻ സിദ്ധാര്‍ത്ഥ് ദാവെ കോടതിയെ ബോധിപ്പിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസി നിയമത്തിലെ സെക്ഷൻ 21(2) പ്രകാരം മൂന്ന് മാസത്തിനകം ഹൈക്കോടതി അപ്പീൽ തീർപ്പാക്കണമെന്ന് ഉത്തരവുണ്ടെന്ന് ദാവെ ചൂണ്ടിക്കാട്ടി. ജാമ്യം നിരസിച്ചതിനെ ചോദ്യം ചെയ്തുള്ള ഇമാമിന്റെ അപ്പീൽ 2022 ഏപ്രിൽ 29 ന് ഫയൽ ചെയ്തു. ഇത് 64 തവണ മാറ്റിവച്ചതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കലാപകാലത്ത് ഡല്‍ഹി ജാമിയ സര്‍വകലാശാലയിലും അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്നതടക്കം കുറ്റങ്ങളാണ് ഷര്‍ജീലിനെതിരെ ചുമത്തിയിരിക്കുന്നത്.

Exit mobile version