Site iconSite icon Janayugom Online

ഗ്രീഷ്മയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു: ഗ്രീഷ്മയെ ക്രിമിനലാക്കിയത് ഷാരോണെന്ന് പ്രതിഭാഗം

പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തമിഴ്നാട്ടില്‍ കൊണ്ടുപോയി തെളിവെടുക്കണമെന്ന ആവശ്യം നെയ്യാറ്റിന്‍കര കോടതി അംഗീകരിക്കുകയായിരുന്നു.

ഇരുഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമാണ് കോടതിയില്‍ നടന്നത്. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്ന് പ്രതിഭാഗം ചോദിച്ചപ്പോള്‍ ഗ്രീഷ്മയാണ് മുഖ്യപ്രതിയെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. മാത്രമല്ല, ഷാരോണും ഗ്രീഷ്മയും നിരവധി തവണ തമിഴ്നാട്ടില്‍ പോയിട്ടുണ്ടെന്നും അതിനാല്‍ അവിടെ പോയി തെളിവെടുക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതാണ് കോടതി അംഗീകരിച്ചത്.

പാറശാല പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയും പ്രതിഭാഗം വാദിച്ചു. വിഷം കൊടുത്തു കൊന്നുവെന്ന എഫ്ഐആര്‍ പോലും പോലീസിന്റെ പക്കലില്ലെന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചനയുണ്ടായിട്ടില്ല, ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമം, മുറിക്കുള്ളില്‍ എന്താണ് നടന്നതെന്ന് ആര്‍ക്കും അറിയില്ല എന്നിങ്ങനെ പോയി പ്രതിഭാഗത്തിന്റെ വാദങ്ങള്‍. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടെയെന്നും ചോദ്യമുണ്ടായി. ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയെക്കുറിച്ചൊന്നും പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വാദം. 

ഗ്രീഷ്മയെ ക്രിമിനലാക്കിയത് ഷാരോണ്‍ ആണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണമെന്നും പ്രതിഭാഗം വാദിച്ചു. 

Eng­lish Sum­mery: Sharon mur­der case: greesh­ma in police cus­tody for 7 days
You may also like this video

Exit mobile version