Site iconSite icon Janayugom Online

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, അമ്മാവന്റെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു

പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഖ്യപ്രതി ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് നിര്‍മ്മല കുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. അതേസമയം നിര്‍മ്മല കുമാരന്‍ നായര്‍ക്ക് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവച്ചു.

നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ​ഗ്രീഷ്മ ഹര്‍ജിയിൽ ആവശ്യപ്പെട്ടത്. കേസിൽ കഴിഞ്ഞ ജനുവരി 20 നാണ് ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പാറശാലയ്‌ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനിൽ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന്‌ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു. 

2022 ഒക്ടോബർ 14ന്‌ ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ച്‌ അവശനായ ഷാരോൺ ചികിത്സയിലിരിക്കെ 25നാണ്‌ മരണത്തിന് കീഴടങ്ങുകയായിരുന്നു. 2021ലാണ് കന്യാകുമാരി ജില്ലയിലെ നെയ്യൂർ ക്രിസ്‌ത്യൻ കോളജ് ഓഫ് അലൈഡ് ഹെൽത്തിൽ ബിഎസ്‌സി റേഡിയോളജി അവസാനവർഷ വിദ്യാർഥിയായ ഷാരോൺ ​ഗ്രീഷ്മയുമായി സൗഹൃദത്തിലാകുന്നത്. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ വിശ്വസിച്ചിരുന്നുവെന്നും ഗ്രീഷ്മ വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.

Exit mobile version