വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 2019 ലെ വിജയം ആവർത്തിക്കാൻ കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ എംപി. നിലവിലുള്ളതില്‍ നിന്നും 50 സീറ്റുകൾ വരെ ബിജെപിക്ക് നഷ്ടപ്പെടും. നിലവിൽ ബിജെപി ആധിപത്യം ഉറപ്പിക്കുന്നുണ്ടെങ്കിലും അവർക്ക് പല സംസ്ഥാനങ്ങളും ഇതിനിടെ നഷ്ടപ്പെട്ടു. സാഹചര്യം ഇങ്ങനെയാണെങ്കിലും മറ്റു പ്രതിപക്ഷ പാർട്ടികൾക്ക് ബിജെപിയെ താഴെയിറക്കാൻ കഴിയുമോ എന്നതിന് ഇപ്പോൾ ഉത്തരം പറയുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നിരയിൽ ഐക്യസാധ്യത വരുമെന്ന ഉറപ്പില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019 ൽ ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ബിജെപിക്ക് ലഭിച്ച സമ്പൂർണ്ണ പിന്തുണ നിലവിൽ അവർക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. പുൽവാമ, ബാലാക്കോട്ട് സംഭവങ്ങളൊക്കെ അവസാന നിമിഷത്തിലെ വോട്ട് തരംഗത്തിന് കാരണമായിരുന്നെന്നും എന്നാൽ 2024 ൽ അത് ആവർത്തിക്കാൻ പോകുന്നില്ലെന്നും തരൂർ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികൾക്ക് 290 സീറ്റ് ലഭിച്ചാലും സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്ന് പറയാനാകില്ല. ബിജെപിക്ക് 250 സീറ്റാണ് ലഭിക്കുന്നതെങ്കില്‍ മറ്റു പാര്‍ട്ടികളില്‍നിന്നും 30 പേരെ കൂടെ ചേര്‍ത്ത് ഭരണം പിടിക്കുമോ എന്നതും പറയാനാകില്ല. കുടുംബ രാഷ്ട്രീയം എല്ലാ പാർട്ടിയിലുണ്ട്. കോൺഗ്രസിൽ കുടുംബ വാഴ്ചയാണെന്ന വിമർശനം അടിസ്ഥാനമില്ലാത്തതാണ്. മറ്റ് പല രാഷ്ട്രീയപാർട്ടികൾക്കിടയിലും ഇതേ പ്രവണത തന്നെയാണുള്ളത്. മുലായം സിങ് യാദവ്, ലാലു പ്രസാദ് യാദവ്, കരുണാനിധി, സ്റ്റാലിന്‍, ബാൽ താക്കറെ, ശരത് പവാര്‍ തുടങ്ങിയവരുടേയെല്ലാം പിന്‍ഗാമികള്‍ അവരുടെ കുടുംബാംഗങ്ങള്‍ തന്നെയാണ്. എന്നാല്‍ കോൺഗ്രസിനെതിരെ മാത്രമാണ് വിമർശനങ്ങൾ ഉയരുന്നതെന്നും തരൂർ പറഞ്ഞു.
English Summary: Shashi Tharoor MP says that BJP cannot repeat its victory
You may also like this video