കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ലഭിക്കുന്ന പരസ്യ പിന്തുണയിൽ എഐസിസി നേതാക്കൾക്ക് പങ്കുണ്ടെന്ന് ശശി തരൂരിന് സംശയം. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയോട് ഇക്കാര്യത്തിൽ തന്റെ പരാതി അറിയിക്കുമെന്ന് ശശി തരൂർ മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ എഐസിസി നേതാക്കളുടെ പങ്ക് സംബന്ധിച്ച് തെളിവ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖാർഗെയ്ക്ക് പിസിസികൾ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിന് പിന്നിൽ എഐസിസി നേതാക്കളാണെന്ന് കേൾക്കുന്നു. പക്ഷെ തെളിവ് കിട്ടിയിട്ടില്ല. വോട്ടെടുപ്പിലെ രഹസ്യ ബാലറ്റ് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നും ശശി തരൂർ പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ടെന്നാണ് ഹൈക്കമാന്റ് പറഞ്ഞതെന്നും ഖാർഗെയ്ക്ക് പിസിസികൾ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെതിരെ തരൂർ ചൂണ്ടിക്കാട്ടി. ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പിസിസികൾ രംഗത്ത് വരികയാണെങ്കിലും പ്രചാരണത്തിൽ നിന്ന് തരൂർ പിന്നോട്ടില്ല. ഇന്ന് മുംബൈയിലാണ് അദ്ദേഹമുള്ളത്. ഖാർഗെ ഇന്ന് ഹൈദരബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണ്. മല്ലികാർജ്ജുൻ ഖാർഗെയും, ശശി തരൂരും മാത്രമാണ് മത്സര രംഗത്തുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തരൂർ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഖാർഗെ പ്രചാരണം ശക്തമാക്കിയതോടെ മത്സരം മുറുകുകയാണ്. ഗുജറാത്തിലും, മുംബൈയിലും പ്രചാരണത്തിനെത്തിയ മല്ലികാർജ്ജുൻ ഖാർഗെ ക്ക് വലിയ സ്വീകരണമാണ് പി സി സി കൾ ഒരുക്കിയത്. പരസ്യ പിന്തുണ അറിയിക്കരുതെന്ന തെരഞ്ഞെടുപ്പ് സമിതിയുടെ നിർദ്ദേശം അവഗണിച്ചാണ് നേതാക്കൾ ഖാർഗെക്ക് സ്വീകരണം ഒരുക്കിയത്.
ഗുജറാത്തിൽ വോട്ട് തേടിയെത്തിയ മല്ലികാർജുൻ ഖാർഗെയ്ക്ക് വിമാനത്താവളം മുതൽ പിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിൽ വമ്പൻ വരവേൽപാണ് ഒരുക്കിയത്. സംസ്ഥാന അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ, പ്രതിപക്ഷ നേതാവ് സുഖ്റാം രത്, ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള സ്ക്രീനിംഗ് കമ്മറ്റി ചെയർമാൻ രമേശ് ചെന്നിത്തല, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രഘു ശർമ്മ, പിന്നെ ജിഗ്നേഷ് മേവാനി അടക്കം ഒരു കൂട്ടം എംഎൽഎമാർ വിമനാത്താവളത്തിലെത്തി. രാവിലെ സബർമതി ആശ്രമം സന്ദർശിക്കാൻ ഖാർഗെ എത്തിയപ്പോഴും പിസിസി ആസ്ഥാനത്ത് വോട്ട് തേടിയെത്തിയപ്പോഴും നേതാക്കൾ ഒപ്പം.
ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് ഹൈക്കമാൻഡ് പറയുമ്പോഴാണ് ഖാർഗെയ്ക്കൊപ്പം പിസിസിഅധ്യക്ഷനൂം സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമെല്ലാം പ്രാചാരണ ദിനം ഒപ്പം നിൽക്കുന്നത്. വൈകീട്ട് മുംബൈയിലെത്തിയപ്പോഴും സ്ഥിതി വ്യതസ്തമല്ല. വിമാനത്താവളത്തിൽ സ്വീകരിച്ചത് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എച്ച് കെ പാട്ടീൽ. മഹാരാഷ്ട്രയിലെ നേതാക്കൾക്ക് പുറമെ ഗോവ പിസിസി പ്രസിഡന്‍റെ അമിത് പാത്കറും ശേഷിക്കുന്ന എംഎൽഎമാരും മുംബൈയിലെ പാർട്ടി ആസ്ഥാനത്തേക്ക് എത്തിയിരുന്നു.
English Summary:
Shashi Tharoor suspects AICC leaders are involved in advertising support for Mallikarjun Kharge
You may also like this video: