കേരളം നേടിയ വികസനത്തെക്കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ശശി തരൂരിൽ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനം സംബന്ധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിക്ഷേപ സൗഹൃദ കാര്യത്തിൽ രാജ്യത്ത് മുൻനിരയിലാണ് കേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് മലയോര ഹൈവേയുടെ ആദ്യ റീച്ചായ കോടഞ്ചേരി ‑കക്കാടംപൊയിൽ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദപ്പെട്ട ചിലർ കേരളം നിക്ഷേപ സൗഹൃദം അല്ലെന്ന് പറയുന്നു. കൃത്യമായ പരിശോധനയിലൂടെയാണ് കേരളം കേന്ദ്രത്തിന്റെ അംഗീകാരം നേടിയത്.
പത്ത് നിയമങ്ങളും ഒരുപാടധികം ചട്ടങ്ങളും മാറ്റിയാണ് രാജ്യത്ത് നിക്ഷേപ സൗഹൃദത്തിൽ കേരളം മുന്നിലെത്തിയത്. ഏതെങ്കിലും ശുപാർശയിലൂടെയല്ല കേരളം അംഗീകാരം നേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ചിലർ അതിനെ ഇകഴ്ത്തുന്നു. എൽഡിഎഫിനോട് വിരോധം കൊണ്ട് നാടിന്റെ ഈ മാറ്റത്തെ ഇകഴ്ത്തി കാട്ടണോ? അത് പറയുമ്പോഴാണ് വയനാട് ദുരന്തം ഓർക്കേണ്ടത്. രാജ്യത്തിന്റെ പൊതുവായ കാര്യത്തിൽ വിവിധ കാര്യങ്ങളിൽ ഒന്നാമതാണ് കേരളം. ദുരന്തം നേരിട്ടാൽ സഹായമാണ് നൽകേണ്ടത്. തിരിച്ചടക്കാനുള്ള വായ്പയല്ല. വായ്പയായി ലഭിക്കുന്ന തുക എങ്ങനെ ഉപയോഗിക്കണം എന്നത് സർക്കാർ ആലോചിക്കും. എന്നാൽ സഹായത്തിനായി ഇനിയും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.