Site icon Janayugom Online

ആര്‍ത്തവദിനങ്ങള്‍ ഇനി കൂടുതല്‍ സുരക്ഷിതമാകും; ഷീ പാഡ് പദ്ധതി വിപുലീകരണങ്ങളോടെ സജ്ജമാകുന്നു

Sanitary pads

വിദ്യാര്‍ത്ഥിനികളുടെ ആര്‍ത്തവദിനങ്ങള്‍ ഇനി കൂടുതല്‍ സുരക്ഷിതമാകും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ‘ഷീ പാഡ് ’ പദ്ധതി കൂടുതല്‍ വിപുലീകരണങ്ങളോടെ സജ്ജമാകും. സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവശുചിത്വ അറിവുകള്‍ നല്‍കുന്ന ഷീ പാഡ് പദ്ധതി 2017–18 അധ്യയന വര്‍ഷത്തിലാണ് ആരംഭിച്ചത്. യഥാസമയം പരിപാലനം നടത്താത്തതിനാലും മറ്റു പല കാരണങ്ങളാലും തുടര്‍ച്ചയില്ലാതെ പോയ പദ്ധതി കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി സംസ്ഥാന വനിതാ വികസന കോര്‍പറേഷനുമായി സഹകരിച്ച് ഷീ പാഡ് പദ്ധതി കൂടുതല്‍ ശക്തമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ടെണ്ടര്‍ കൂടാതെ വനിതാ വികസന കോര്‍പറേഷനെ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഏല്‍പ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നാപ്കിന്‍ വിതരണത്തിനോടൊപ്പം സ്കൂളിലെ പിടിഐയുടെ സഹകരണം കൂടി ഉറപ്പാക്കി, സമഗ്രമായി മാത്രമെ പദ്ധതി നടപ്പാക്കാവൂ എന്നും നിര്‍ദേശമുണ്ട്.

നാപ്കിന്‍ വെന്റിങ് മെഷീന്‍, നാപ്കിന്‍ ഡിസ്ട്രോയര്‍, നാപ്കിന്‍ ഇന്‍സിനറേറ്റര്‍ എന്നിവയുടെ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടപ്പാക്കുന്നത് പദ്ധതിയില്‍ ഉറപ്പാക്കും. സ്കൂള്‍ പിടിഎ, മദര്‍ പിടിഎ എന്നിവരുടെ അഭിപ്രായം കണക്കിലെടുത്ത് പദ്ധതി നടപ്പിലാക്കാനുള്ള സ്ഥലം ഉള്‍പ്പെടെയുള്ളവ നിശ്ചയിക്കും. അധ്യയന വര്‍ഷം ആരംഭിക്കുന്നതു മുതല്‍ അവസാനിക്കുന്നതു വരെ ഈ പദ്ധതി സ്കൂളുകളില്‍ തടസമില്ലാതെ നടപ്പിലാക്കേണ്ടതാണെന്നും അതിനാല്‍ പദ്ധതി ബഹുവര്‍ഷ പദ്ധതിയായും നടപ്പിലാക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നാപ്കിന്‍ ഡിസ്ട്രോയര്‍, നാപ്കിന്‍ വെന്റിങ് മെഷീന്‍ മുതലായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും യഥാസമയം പരിപാലനം നടത്താത്തതിനാല്‍ പലതും നശിച്ചു പോയിട്ടുള്ള സാഹചര്യവുമുണ്ട്. അതിനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ മെയിന്റനന്‍സ് കൃത്യമായി നടപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സ്കൂള്‍ പിടിഎ, മദര്‍ പിടിഎ എന്നിവര്‍ക്കാണ് പദ്ധതിയുടെ പരിപാലന ചുമതല. വനിതാ വികസന കോർപറേഷന്റെ മേൽനോട്ടത്തിൽ നടപ്പാക്കി വരുന്ന പദ്ധതി നിലവില്‍ സംസ്ഥാനത്തെ പല സ്കൂളുകളും മുന്നോട്ടു കൊണ്ടുപോകുന്നുമുണ്ട്.

Eng­lish Sum­ma­ry: She Pad project
You may also like this video

Exit mobile version