Site iconSite icon Janayugom Online

ഷിൻഡെ പാര്‍ട്ടി പിളര്‍ത്തിയത് ഇഡിയെയും സിബിഐയെയും ഭയന്ന്

ഇഡിയെയും സിബിഐയെയും ഭയന്ന് ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് ഏക്‌നാഥ് ഷിൻഡെ ആവശ്യപ്പെട്ടതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ജയിലില്‍ പോകുമെന്ന ഭയം ഷിൻഡെക്കുണ്ടായിരുന്നുവെന്നും റാവത്ത് പറഞ്ഞു. 

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതിന് മുമ്പാണ് ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യം ഷിൻഡെ ഉന്നയിച്ചത്. എന്നാല്‍, ശിവസേന ഇത് തള്ളുകയായിരുന്നു. 2022 ജൂണ്‍ 14ന് ഷിൻഡെ തന്നോട് സംസാരിച്ചു. ബിജെപിയില്‍ ചേരുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നും പറഞ്ഞു. എന്നാല്‍, എന്തുകൊണ്ട് ജയിലില്‍ പോകുമെന്ന് വിശദീകരിക്കാൻ ഷിൻഡെ തയാറായില്ല. വിശദമായി ചോദിച്ചപ്പോള്‍ ഇഡിയും സിബിഐയും തനിക്കെതിരെ അന്വേഷണം നടത്തുമെന്ന് മാത്രമാണ് ഷിൻഡെ പറഞ്ഞത്.

രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഷിൻഡെ ശിവസേന വിട്ട് ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കിയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന സ്ഥാനാർത്ഥി രാജൻ വിചാരെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് റാവത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാൻ ഏക്‌നാഥ് ഷിൻഡെ ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു സ്ഥാനാർത്ഥി വിചാരെയുടെ ആരോപണം. 2013ല്‍ നാല് എം എല്‍എമാരുമായി കോണ്‍ഗ്രസില്‍ ചേരാനാണ് ഷിൻഡെ ശ്രമിച്ചത്. എന്നാല്‍, അവസാന നിമിഷം എംഎല്‍എമാർ പിൻവാങ്ങിയതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ഷിൻഡെ പാർട്ടി വിട്ടതിനെ തുടർന്നാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സർക്കാർ തകർന്നത്. ബിജെപി പിന്തുണയോടെ ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവുകയും ചെയ്തു.

Eng­lish Sum­ma­ry: Shinde split the par­ty fear­ing ED and CBI

You may also like this video

Exit mobile version