Site iconSite icon Janayugom Online

ശിവസേന തര്‍ക്കം: ഉദ്ധവിന് കോടതിയില്‍ തിരിച്ചടി

മഹാരാഷ്ട്രയിലെ യഥാര്‍ഥ ശിവസേന ആരുടേതെന്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി തുടരാമെന്ന് സുപ്രീംകോടതി. ഇതോടെ ഏക്‌നാഥ് ഷിന്‍ഡെ, ഉദ്ധവ് താക്കറെ എന്നിവരില്‍ ആര് നയിക്കുന്നതാണ് യഥാര്‍ഥ ശിവസേനയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ സ്റ്റേ ഇല്ലെന്ന വിധി വലിയ വിജയമായി ഷിന്‍ഡെ ക്യാമ്പ് കാണുമ്പോള്‍ ഉദ്ധവ് പക്ഷത്തിന് തിരിച്ചടിയായി മാറി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
ശിവസേനയ്ക്കും പാര്‍ട്ടി ചിഹ്നത്തിനും മേലുള്ള ഷിന്‍ഡെ വിഭാഗത്തിന്റെ അവകാശവാദം തീരുമാനിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ തടയണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷമാണ് ഹര്‍ജി നല്‍കിയിരുന്നത്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ലയിച്ചാല്‍ മാത്രമേ ഷിന്‍ഡെ ക്യാമ്പ് എംഎല്‍എമാര്‍ക്ക് ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം അയോഗ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയൂ എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതേസമയം, സുപ്രീം കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഷിന്‍ഡെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
കൂറുമാറ്റം, ലയനം, അയോഗ്യത എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് താക്കറെയുടെയും ഷിന്‍ഡെയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഓഗസ്റ്റ് 23 ന് സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന് റഫര്‍ ചെയ്തിരുന്നു. തുടര്‍ന്ന് തങ്ങളെ ‘യഥാര്‍ത്ഥ’ ശിവസേനയായി കണക്കാക്കി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം നല്‍കണമെന്ന ഷിന്‍ഡെ വിഭാഗത്തിന്റെ ഹര്‍ജിയില്‍ ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോടും ആവശ്യപ്പെട്ടിരുന്നു.
ഈ വര്‍ഷം ജൂണില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ഏക്‌നാഥ് ഷിന്‍ഡെ നയിച്ച കലാപത്തെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ജൂണ്‍ 30ന് ബിജെപി പിന്തുണയോടെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ‘യഥാര്‍ത്ഥ’ ശിവസേന തങ്ങളാണെന്ന അവകാശവാദംം ഉന്നയിച്ച് ഉദ്ധവ് വിഭാഗം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Shiv Sena dis­pute: Uddhav hits back in court

You may like this video also

Exit mobile version