Site iconSite icon Janayugom Online

ശിവസേനയിൽ വിമതനീക്കം; അടിയന്തര യോഗം വിളിച്ച് ഉദ്ധവ്

തിങ്കളാഴ്ച നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയേയും അദ്ദേഹത്തെ അനുകൂലിക്കുന്ന ചില ശിവസേന എംഎല്‍എമാരേയും കാണാതായി. ശിവസേനയില്‍ വിമത നീക്കം നടക്കുന്നതായി അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ചില ശിവസേന എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് മറിച്ചതായ ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനിടെ കാണാതായ ശിവസേന എംഎല്‍എമാരും മന്ത്രി ഷിന്‍ഡെയും സൂറത്തിലെ ഒരു ഹോട്ടലിലുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

11 എംഎല്‍എമാര്‍ ഷിന്‍ഡെയ്‌ക്കൊപ്പമുണ്ടെന്നാണ് സൂചന. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി അഞ്ച് സീറ്റിലും മഹാവികാസ് അഘാടി സഖ്യത്തിലുള്ള എന്‍സിപിയും ശിവസേനയും രണ്ട് വീതം സീറ്റുകളിലും ജയിച്ചിരുന്നു. പത്ത് എംഎല്‍സി സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി അഞ്ചും മഹാവികാസ് അഘാടി സഖ്യം ആറ് സ്ഥാനാര്‍ഥികളെയാണ് നിറുത്തിയിരുന്നത്. അനിവാര്യമായ എണ്ണം കുറവായിരുന്നിട്ടും ബിജെപിയുടെ അഞ്ചു സ്ഥാനാര്‍ഥികളും ജയിച്ചു. മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉള്ളത്.

അഞ്ചു എംഎല്‍സിമാരെ തിരഞ്ഞെടുക്കാനുള്ള വോട്ട് ബിജെപിക്കില്ലായിരുന്നു. സ്വതന്ത്രരുടേയും മറ്റു പാര്‍ട്ടികളുടേയും എംഎല്‍എമാരുടേയും വോട്ട് ബിജെപിക്ക് കിട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ശിവസേനയുടേയും കോണ്‍ഗ്രസിന്റേയും ചില എംഎല്‍എമാര്‍ തങ്ങള്‍ക്ക് ക്രോസ് വോട്ട് ചെയ്തതായി ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പിന് പിന്നാലെ പറയുകയുണ്ടായി. വോട്ട് മറിക്കാതെ തങ്ങള്‍ക്ക് ഒരിക്കലും ജയിക്കാന്‍ സാധിക്കില്ലായിരുന്നുവെന്ന് വിജയിച്ച ബിജെപി സ്ഥാനാര്‍ഥി പ്രവീണ്‍ ദാരേക്കര്‍ പറഞ്ഞു.

എംഎല്‍എസി തിരഞ്ഞെടുപ്പില്‍ ശിവസേന എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്‌തെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് എംഎല്‍എമാരെ ഉദ്ധവ് വിളിച്ചുചേര്‍ത്തിരിക്കുന്നത്. എല്ലാവരും ഹാജരാകണമെന്ന് ഉദ്ധവ് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Shiv Sena rebels; Uddhav called an emer­gency meeting

You may also like this video:

Exit mobile version