Site iconSite icon Janayugom Online

ആനന്ദ് കെ തമ്പി ബിജെപി പ്രവര്‍ത്തകൻ തന്നെയെന്ന് ശിവസേന

കോര്‍പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തിരുമല സ്വദേശി ആനന്ദ് കെ തമ്പി ബിജെപി പ്രവര്‍ത്തകൻ ആയിരുന്നെന്ന് ശിവസേന വ്യക്തമാക്കി. ശിവസേനയുമായി ഒരു ദിവസത്തെ ബന്ധം മാത്രമാണ് ആനന്ദിന് ഉണ്ടായിരുന്നതെന്നും സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ആറ് മാസം മുമ്പ് ആനന്ദ് കെ തമ്പി ബിജെപി നേതാക്കളെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂല നിലപാടുണ്ടായില്ലെന്നാണ് അറിയാനായത്. ബിജെപ സീറ്റ് നിഷേധിച്ചതോടെയാണ് ആനന്ദ് ശിവസേനയെ സമീപിച്ചത്. എന്നാല്‍, ശിവസേനയുടെ സ്ഥാനാര്‍ത്ഥി ആവുമെന്ന ഉറപ്പ് രേഖാമൂലം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അതുപ്രകാരം നൂറ് രൂപയുടെ മുദ്രപത്രത്തില്‍ എഴുതി വാങ്ങുകയും ചെയ്തു. മരിച്ച ദിവസം ഉച്ചവരെ ആനന്ദ് തൃക്കണ്ണാപുരത്ത് സുഹൃത്തുക്കളെയും മറ്റുള്ളവരെയും കണ്ട് ആനന്ദ് വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, പിന്നീട് ആനന്ദ് ആത്മഹത്യ ചെയ്തത് എന്തിനാണെന്നത് ദുരൂഹമാണ്. ഇതേക്കുറിച്ച് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണം. ആനന്ദിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാനുള്ള സംഘടനാപരമായ ബാധ്യത ബിജെപിക്കുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ബിജെപിക്കാരൻ ആണെന്നും മരിച്ചതിന് ശേഷം ആനന്ദ് പാര്‍ട്ടിക്കാരനല്ലെന്നും പറയുന്ന ബിജെപിയുടെ സമീപനം ശരിയല്ലെന്നും പെരിങ്ങമ്മല അജി പറഞ്ഞു. ശിവസേന ജില്ലാപ്രസിഡന്റ് മംഗലാപുരം വിനുകുമാര്‍, ജില്ലാസെക്രട്ടറി തിരുമല സുരേഷ്, ജില്ലാ ഓഫീസ് സെക്രട്ടറി ബിജു രാജേന്ദ്രൻ, ജില്ലാ ചെയര്‍മാൻ രാധാകൃഷ്ണൻ, ബികെഎസ് ജില്ലാ സെക്രട്ടറി പൂജപ്പുര രതീഷ്, യുവസേന ജില്ലാപ്രസി‍ഡന്റ് അനൂപ്, ജില്ലാകമ്മിറ്റി അംഗം കാട്ടാക്കട അനില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Exit mobile version