ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെ കാണാതായ ശിവസേന ഷിൻഡെ വിഭാഗം എംഎല്‍എ തിരികെയെത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ശിവസേന ഷിൻഡെ വിഭാഗം എംഎല്‍എ ശ്രീനിവാസ് വംഗ തിരിച്ചെത്തിയത്. നിലവിലെ എല്ലാ എംഎല്‍എമാര്‍ക്കും ഷിന്‍ഡെ വിഭാഗം സീറ്റ് നല്‍കിയപ്പോള്‍ പാല്‍ഘറില്‍ ശ്രീനിവാസിന് മാത്രം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളെ കാണാതായത്. വിശ്രമം വേണമെന്ന് മാത്രമാണ് തിരികെയെത്തിയതിന് ശേഷം ശ്രീനിവാസ് പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു.
സംഭവത്തിന് പിന്നാലെ, ശ്രീനിവാസന് സീറ്റ് നല്‍കുമെന്ന് ഷിൻഡെ ഫോണില്‍വിളിച്ച് ഉറപ്പ് പറഞ്ഞതായി ശ്രീനിവാസിന്റെ ഭാര്യ പറഞ്ഞു. സീറ്റ് നിഷേധിച്ചതിന് പിന്നാലെ ശ്രീനിവാസ് അസ്വസ്ഥനായിരുന്നു. ജീവൻ വെടിയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നിര്‍ത്താതെ കരഞ്ഞിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അന്തരിച്ച ബിജെപി എംപി ചിന്താമൻ വംഗയുടെ മകനാണ് ശ്രീനിവാസ് വംഗ. മുൻ എംപി രാജേന്ദ്ര ഗാവിത്തിനാണ് ഇവിടെ പാര്‍ട്ടി ടിക്കറ്റ്. അതേസമയം സീറ്റ് നിഷേധിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കൊപ്പം പോയത് വലിയ തെറ്റായിപ്പോയെന്നും ഉദ്ധവ് താക്കറെയോട് മാപ്പ് ചോദിക്കുന്നതായും ശ്രീനിവാസ് വംഗ പറഞ്ഞിരുന്നു.