Site iconSite icon Janayugom Online

ശിവസേന ചിഹ്നം: ഉദ്ധവ് കോടതിയില്‍

ശിവസേനയുടെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ച നടപടിക്കെതിരെ ഉദ്ധവ് താക്കറെ ഹൈക്കോടതിയില്‍. ഈ മാസം എട്ടിലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് താക്കറെയുടെ ഹര്‍ജി. നടപടി സ്വാഭാവിക നീതിയുടെ പൂര്‍ണലംഘനമാണെന്നും ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് കക്ഷികളുടെ വാദം കേട്ടിരുന്നില്ലെന്നും താക്കറെ ആരോപിച്ചു. 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കുന്നതിൽ നിന്ന് ശിവസേനയുടെ രണ്ട് വിഭാഗങ്ങളെയും വിലക്കിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. 

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മൂന്ന് ചിഹ്നങ്ങളും പേരുകളും നിര്‍ദ്ദേശിക്കാന്‍ ഇരുവിഭാഗങ്ങളോട് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ത്രിശൂലം, ഉദയ സൂര്യന്‍, തീപ്പന്തം എന്നീ ചിഹ്നങ്ങളാണ് ഉദ്ധവ് പക്ഷം മുന്നോട്ടുവച്ചിരിക്കുന്നത്. ശിവസേന ബാലാസാഹിബ് താക്കറെ എന്നതാണ് ആദ്യം പരിഗണിക്കുന്ന പേര്. ശിവസേന ഉദ്ധവ് ബാലാസാഹിബ് താക്കറെ, ശിവസേന പ്രബോധന്‍ താക്കറെ എന്നിവയാണ് മറ്റ് പേരുകള്‍. 

Eng­lish Summary:Shiv Sena sym­bol: Uddhav in court
You may also like this video

Exit mobile version