കാനഡയിലെ സറെയിൽ വീടിനുനേരെ വെടിവയ്പ് നടത്തിയ സംഭവത്തിൽ മൂന്ന് ഇന്ത്യൻ യുവാക്കളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. പിടിയിലായവർ ഇന്ത്യന്‍ പൗരന്മാരാണെന്നും ഇവരെ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് കൈമാറാനുള്ള നടപടികൾ തുടങ്ങിയതായും പൊലീസ് അറിയിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വെടിവയ്പി നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹർജോത് സിങ് (21), തരൺവീർ സിങ് (19), ദയാജീത് സിങ് ബില്ലിംങ് (21) എന്നിവരാണെന്ന് പിടിയിലായത്. കനേഡിയൻ ക്രിമിനൽ കോഡ് പ്രകാരം മനഃപൂർവം വെടിയുതിർത്തതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുകൾ ചേർക്കാനിടയുണ്ട്.
ഞായറാഴ്ച പുലർച്ചെ 3:50-ഓടെ ക്രസന്റ് റോഡിനും 132 സ്ട്രീറ്റിനും സമീപമുള്ള വീടിന് പുറത്ത് വെടിയൊച്ച കേട്ടതായും ചെറിയ തീപിടുത്തം ഉണ്ടായതായും പൊലീസിന് വിവരം ലഭിച്ചു. പ്രോജക്ട് അഷ്വറൻസിന്റെ ഭാഗമായി സറെയിലെ ക്രസന്റ് ബീച്ച് പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന സംഘം ഉടൻ സ്ഥലത്തെത്തി. പ്രതികൾ വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. അറസ്റ്റ് തടയാൻ ശ്രമിച്ച പ്രതികൾക്കെതിരെ ബലപ്രയോഗം നടത്തിയതായി സറെ പൊലീ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളിലൊരാളായ ഹർജോത് സിങ്ങിനെ അറസ്റ്റിനിടെ പരിക്കേറ്റിട്ടുണ്ട്.
സറെ ഫയർ സർവീസ് സ്ഥലത്തെത്തി വീടിന് സമീപത്തെ വേലിയിലുണ്ടായ തീ അണച്ചു. വെടിവെയ്പില്‍ വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. സറെയിലെ ബിസിനസ് മേഖലകളിലും വീടുകളിലും പണം ആവശ്യപ്പെട്ട് നടക്കുന്ന ഭീഷണികൾ തടയുന്നതിനായി രൂപീകരിച്ച പ്രത്യേക വിഭാഗമാണ് പ്രോജക്ട് അഷ്വറൻസ്. 2026 ജനുവരി ഒന്ന് മുതൽ സറെയിൽ മാത്രം 46 പണം തട്ടൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

