Site icon Janayugom Online

നെടുങ്കണ്ടം വെടിവയ്പ്പ് കേസ്: പ്രതികൾ അറസ്റ്റിൽ

മാവടിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. നായാട്ടു സംഘത്തിൽപ്പെട്ട ഇവരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതികളെ ഉച്ചയോടെ സംഭവ സ്ഥലത്ത് എത്തിച്ചു. തുടര്‍ന്ന് കട്ടപ്പന ഡിവഐഎസ്‌പിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് ആരംഭിക്കുകയും ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് ഗൃഹനാഥനായ മാവടി സ്വദേശി പ്ലാക്കൽ സണ്ണി( 57) വെടിയേറ്റ് മരിച്ചത്. നാടൻ തോക്കിൽ ഉപയോഗിക്കുന്ന തരത്തിലുള്ള തിരകളാണ് സണ്ണിയുടെ തലയിൽ നിന്നും ലഭിച്ചത്. സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള വാതിലിൽ അഞ്ച് തിരകൾ തറച്ച നിലയിലും പരിശോധനയിൽ കണ്ടെത്തിയിരുന്നു. വാതിലിന് എതിർവശത്തായുള്ള ഏലട്ടത്തട്ടകളിൽ വെടികൊണ്ട പാടുകളും ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു. അടുക്കള വാതിലിന് അഭിമുഖമായുള്ള ഏലട്ടത്തട്ടകളിലും വെടികൊണ്ട പാടുകൾ ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു. ഇതാണ് സംഭവത്തിന് പിന്നിൽ നായാട്ടു സംഘങ്ങളാകാമെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചത്.

കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ്മോൻ, നെടുങ്കണ്ടം എസ്എച്ച്ഒ ജെർളിൻ വി സ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് അന്വേഷണം നടത്തി വരുന്നത്. പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടുപന്നിയും മറ്റും ഇറങ്ങുന്നതിനാൽ പ്രദേശത്ത് പ്രാദേശിക സംഘങ്ങൾ വേട്ടയ്ക്ക് ഇറങ്ങാറുണ്ട്. സണ്ണിയുടെ മൂക്കിന്റെ ഭാഗത്ത് വെടിയേറ്റതാണ് മരണകാരണം. രാത്രിയിൽ സണ്ണി വീട്ടിലെ മുറിയിൽ കയറി വാതിൽ അടച്ചു. തുടർന്ന് വെടിയൊച്ചയ്ക്ക് സമാനമായ ശബ്ദം കേട്ട് മറ്റൊരു മുറിയിൽ കിടന്ന ഭാര്യ സിനിയും മക്കളും നോക്കുമ്പോൾ സണ്ണി മുറിയ്ക്കുള്ളിൽ കട്ടിലിൽ മരിച്ച നിലയിലായിരുന്നു. സണ്ണി വെടിയേറ്റ് മരിച്ച വീടും പരിസരവും ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, ഫോറൻസിക് സർജൻ, ബാലിസ്റ്റിക് വിദഗ്ധർ എന്നിവരടങ്ങുന്ന സംഘം പരിശോധിച്ചിരുന്നു.

Eng­lish Sam­mury: Nedunkan­dam shoot­ing case: Accused arrested

Exit mobile version