കാഞ്ഞിരപ്പള്ളിയിൽ സ്വത്തു തർക്കത്തിന്റെ പേരിലുണ്ടായ വെടിവയ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാളും മരിച്ചു. മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യന് (50) പിന്നാലെയാണ് ചികിത്സയിൽ കഴിയുകയായിരുന്ന മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയ (പൂച്ചക്കല്ലിൽ രാജു-78) യും കൊല്ലപ്പെട്ടത്.
രഞ്ജു കുര്യന്റെ ജ്യേഷ്ഠൻ പാപ്പൻ എന്നറിയപ്പെടുന്ന ജോർജ് കുര്യൻ (52) ആണ് വെടിയുതിർത്തത്. ജോർജിനെ തിങ്കളാഴ്ച തന്നെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തായിരുന്നു സംഭവം. കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവായ ജോർജ് കുര്യൻ കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വില്പന നടത്തിയിരുന്നു. ഊട്ടിയിൽ വ്യവസായിയായ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായാണ് തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ എത്തിയത്. ഇത് അറിഞ്ഞ് ജോർജ് കുര്യൻ മൂന്ന് മണിയോടെ സ്ഥലത്ത് എത്തുകയായിരുന്നു.
വീടിനുള്ളിലേയ്ക്ക് കയറിയ ജോർജ് തന്റെ കൈയിലുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർത്തു. തലയ്ക്ക് വെടിയേറ്റ രഞ്ജു തൽക്ഷണം മരിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് മാത്യുവിന്റെ തലയ്ക്ക് വെടിയേറ്റത്. രഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വെടിയേറ്റ അബോധാവസ്ഥയിലായ മാത്യുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെയോടെ മരിച്ചു.
കോതമംഗലം മലയിൽ റോഷനാണ് രഞ്ജുവിന്റെ ഭാര്യ. മക്കൾ: റോസ്, റിയ, കുര്യൻ, റോസ് ആൻ. മാത്യുവിന്റെ ഭാര്യ: ആനി. മക്കൾ: രേണു, അഞ്ജു, അന്നു, നീതു. മരുമക്കൾ: മാത്തൻ ചാക്കോള, മാത്യു കുരുവിനാകുന്നേൽ, സൻജു ആനത്താനം, ഔസേഫ് പുളിക്കൽ.
English Summary: Shooting following property dispute: Death toll rises to two
You may like this video also