Site iconSite icon Janayugom Online

ഷൊര്‍ണൂര്‍ — എറണാകുളം മൂന്നാംപാത അനിവാര്യം

തൃശൂരിനു സമീപം പുതുക്കാട്, ഷൊര്‍ണൂര്‍-എറണാകുളം റയില്‍ ഇടനാഴിയില്‍ ഉണ്ടായ ചരക്കുതീവണ്ടി അപകടം കേരളത്തിന്റെ റയില്‍വെ സംവിധാനത്തിന്റെ ശോചനീയാവസ്ഥയിലേക്കും റയില്‍ വികസനത്തില്‍ സംസ്ഥാനം നേരിടുന്ന കടുത്ത അവഗണനയിലേക്കും ഒരിക്കല്‍ക്കൂടി ശ്രദ്ധക്ഷണിക്കുന്നു. ഇന്ധനം നിറയ്ക്കാനായി പോയിരുന്ന കാലി ടാങ്കറുകളാണ് അപകടത്തില്‍പ്പെട്ടത്. അത് അപകടത്തിന്റെ ആഘാതം കുറച്ചു എന്നത് ആശ്വാസകരം. എന്നാല്‍ നിരവധി യാത്രാ തീവണ്ടികള്‍ റദ്ദാക്കുന്നതിനും ദീര്‍ഘദൂര ട്രെയിനുകള്‍ ഏറെ വെെകി ഓടുന്നതിനും അത് കാരണമായി. യാത്ര മുടങ്ങുകയും വെെകുകയും വഴി യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. ഇവിടെയാണ് ദീര്‍ഘകാലമായി കേരളം ആവശ്യപ്പെടുന്ന ഷൊര്‍ണൂര്‍-എറണാകുളം മൂന്നാം പാതയുടെ ആവശ്യകത പ്രസക്തമാകുന്നത്. 107 കിലോമീറ്റര്‍ മാത്രം ദെെര്‍ഘ്യം വരുന്ന നിര്‍ദ്ദിഷ്ട മൂന്നാം പാത കേരളത്തിന്റെ റയില്‍ ഗതാഗതത്തില്‍ വലിയ മാറ്റത്തിന്റെ വാതിലായിരിക്കും തുറക്കുക. പ്രാപ്തിയുടെ പരമാവധിയായ 180 ശതമാനത്തിലേറെ ഉപയോഗിക്കപ്പെടുന്ന ഈ ഇടനാഴി സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയതാണ്. ഇനി തെല്ലുപോലും പ്രയോജനപ്പെടുത്താനാവാത്ത ഇടനാഴിയുടെ ശേഷി ഉയര്‍ത്തുക വഴി മാത്രമെ പുതിയ യാത്രാ-ചരക്ക് തീവണ്ടികള്‍ ഓടിക്കാനാവൂ. എന്നാല്‍ മൂന്നാമതൊരു പാത കൂടി കൂട്ടിച്ചേര്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരന്തരമായി അവഗണിക്കപ്പെടുന്നു. സില്‍വര്‍ ലെെനിനെതിരെ പരാതിയുമായി കേന്ദ്രത്തെ സമീപിക്കുന്ന യുഡിഎഫ് എംപിമാരൊ സില്‍വര്‍ലെെന്‍ അനുകൂല കേന്ദ്രങ്ങളൊ അടിയന്തരപ്രാധാന്യമുള്ള ഈ ആവശ്യത്തിന് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നത് അങ്ങേയറ്റം ഖേദകരമാണ്. ഷൊര്‍ണൂര്‍-എറണാകുളം ഇടനാഴിയിലെ നിര്‍ദ്ദിഷ്ട മൂന്നാംപാത നിലവില്‍ വന്നാല്‍ അതിലൂടെ കടന്നുപോകുന്ന എക്സ്പ്രസ്, ചരക്ക് തീവണ്ടികളുടെ വേഗത 130 കിലോമീറ്റര്‍ വരെ ഉയര്‍ത്താനാവും.


ഇതുകൂടി വായിക്കാം; പ്രതീക്ഷകള്‍ കെടുത്തുന്ന കേന്ദ്ര ബജറ്റ് 


നിലവിലുള്ള പാതകളില്‍ വേഗത 110 കിലോമീറ്റര്‍ ആയി കണക്കാക്കുന്നുണ്ടെങ്കിലും ഇപ്പോഴുള്ള ശരാശരി വേഗത കേവലം 45 കിലോമീറ്ററില്‍ താഴെയാണ്. പുതിയ പാത നിലവില്‍ വരുമ്പോള്‍ വേഗത കുറയാന്‍ കാരണമാകുന്ന വളവുകള്‍ നിവര്‍ത്താനും ചെറുസ്റ്റേഷനുകള്‍ ഒഴിവാക്കാനുമാകും. പദ്ധതിക്ക് നിലവില്‍ 1500 കോടി രൂപ മുതല്‍ 5000 കോടി രൂപ വരെ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ കേരളത്തിന് ഇപ്പോഴത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് കേവലം 1058 കോടി രൂപ മാത്രമാണെന്നത് സംസ്ഥാനത്തിന്റെ റയില്‍ വികസന സ്വപ്നങ്ങള്‍ എത്രയോ വിദൂരമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. അതാകട്ടെ സംസ്ഥാനത്ത് ഇപ്പോള്‍ തുടര്‍ന്നുവരുന്ന റയില്‍ വികസന പദ്ധതികള്‍ക്കു പോലും തീര്‍ത്തും അപര്യാപ്തമാണ്. പ്രതിബന്ധങ്ങളെ അതിജീവിച്ച് നിര്‍ദ്ദിഷ്ട സില്‍വര്‍ലെെന്‍ പദ്ധതി പ്രാവര്‍ത്തികമായാല്‍ തന്നെയും സംസ്ഥാനത്തെ മഹാഭൂരിപക്ഷം വരുന്ന റയില്‍ യാത്രികരുടെയും ചരക്കുനീക്കത്തിന്റെയും അടിയന്തര ആവശ്യങ്ങള്‍ അതുവഴി പരിഹരിക്കാന്‍ കഴിഞ്ഞേക്കില്ല. സംസ്ഥാനാന്തര ദീര്‍ഘദൂര യാത്രികരുടെയും ചരക്കുനീക്കത്തിന്റെയും ദെെനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ദിനംപ്രതി യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായ മഹാഭൂരിപക്ഷത്തിന്റെയും റയില്‍ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള പാതയുടെ അടിയന്തര വികസനം അനിവാര്യമാണ്. സംസ്ഥാനത്ത് നിലവില്‍ ഇരട്ട പാതകളുള്ള തിരുവനന്തപുരം-കായംകുളം, ഷൊര്‍ണൂര്‍-മാംഗളൂര്‍, ഷൊര്‍ണൂര്‍-പാലക്കാട്, എറണാകുളം-കോട്ടയം, എറണാകുളം-ആലപ്പുഴ ഇടനാഴികളും സമാനമായ രീതിയില്‍ മൂന്നുവരി പാതകളായി വികസിപ്പിക്കേണ്ടതുണ്ട്. മേല്‍പറഞ്ഞ ഇടനാഴികളില്‍ ഏറ്റവും കൂടുതല്‍ യാത്രികരും ചരക്കുകളും ട്രെയിനുകളും ഉപയോഗിക്കുന്ന ഷൊര്‍ണൂര്‍-എറണാകുളം ഇടനാഴി തന്നെയാണ് അടിയന്തര പ്രാധാന്യത്തോടെ മൂന്നുവരി പാതയായി വികസിപ്പിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരും സംസ്ഥാനത്തുനിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും യാത്രികരുടെ സംഘടനകളും പൊതുസമൂഹം ആകെത്തന്നെയും ഈ ആവശ്യം ശക്തമായി ഉന്നയിക്കുകയും കേന്ദ്ര അവഗണനക്കെതിരെ സമ്മര്‍ദ്ദം ശക്തമാക്കുകയും ചെയ്യേണ്ടത് കേരളത്തിന്റെ റയില്‍ വികസനത്തിന് അനിവാര്യമായിരിക്കുന്നു.

You may also like this video;

Exit mobile version