Site icon Janayugom Online

ഷൊർണൂർ — എറണാകുളം മൂന്നാം പാത; യാത്രക്കാർക്ക് ഉപകരിക്കാതെ 4000 കോടി

ചെലവ് ഭയന്ന് ആദ്യം വേണ്ടെന്നുവച്ചതും ഇപ്പോൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാൻ നടപടികൾ നീക്കുന്നതുമായ ഷൊർണൂർ‑എറണാകുളം മൂന്നാം റയിൽപ്പാത തുടക്കത്തിലേ വിവാദത്തിൽ. മൂന്നാം പാത ഒരു വിധത്തിലും യാത്രക്കാർക്ക് ഉപകരിക്കില്ലെന്നാണ് മുതിർന്ന റയിൽവേ ഉദ്യോഗസ്ഥരടക്കം വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം.

107 കിലോമീറ്റര്‍ ദൈർഘ്യമുള്ള ഷൊർണൂർ‑എറണാകുളം പാതയിലെ നിലവിലുള്ള 22 സ്റ്റേഷനുകളിൽ ആറ് സ്റ്റേഷനുകളുമായി മാത്രം ബന്ധപ്പെടുന്ന രീതിയിലാണ് മൂന്നാം പാതയുടെ അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്.

ഷൊർണൂർ, തൃശൂർ, അങ്കമാലി, ആലുവ, എറണാകുളം നോർത്ത് — സൗത്ത് എന്നീ സ്റ്റേഷനുകൾക്കു മാത്രമേ 107 കിലോമീറ്റര്‍ ദൂരത്തിനുള്ളിലെ അലൈൻമെന്റിൽ പരിഗണനയുള്ളൂ. ചാലക്കുടി, ഇരിങ്ങാലക്കുട തുടങ്ങി 16 സ്റ്റേഷനുകൾ പുറത്താകും

4000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഭീമമായ തുക ചെലവഴിച്ചു നിർമ്മിക്കുന്ന, പ്രധാന നഗരങ്ങളിൽപ്പോലും സ്റ്റോപ്പുകളില്ലാത്ത പാത കൊണ്ട് യാത്രക്കാർക്ക് എന്താണ് പ്രയോജനമെന്ന ചോദ്യമാണ് ഇപ്പോഴേ ശക്തമായിട്ടുള്ളത്. അവസാന ഘട്ടത്തിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയാൽത്തന്നെയും സ്റ്റോപ്പുകളുടെ എണ്ണം കൂടാൻ സാദ്ധ്യത തീരെയില്ല.

നിലവിലുള്ള സ്റ്റേഷനുകളിൽ നിന്ന് വളരെ ദൂരം അകന്ന് പുതിയ പാത നിർമ്മിക്കുന്ന വിധത്തിലാണ് മൂന്നാം പാതയുടെ അലൈൻമെന്റ്. ഈ പാതയെ നിലവിലെ സ്റ്റേഷനുകളോട് ഒരു വിധത്തിലും ബന്ധിപ്പിക്കാനാവില്ല. പുതിയ സ്റ്റേഷനുകൾ നിർമ്മിക്കുന്നുമില്ല.

2018 ൽ പാതയ്ക്ക് കേന്ദ്രാനുമതിയായെങ്കിലും കഴിഞ്ഞ മൂന്നു ബജറ്റിലും വകയിരുത്തിയത് നാമമാത്രമായ തുകയാണ്. അലൈൻമെന്റ് തയ്യാറായപ്പോൾ, യാത്രക്കാർക്കു പ്രയോജനമില്ലാതെയും ഗുഡ്സ് ടെയിനുകൾ നിർത്തേണ്ട സ്റ്റേഷനുകളുമായി ബന്ധപ്പെടാതെയും മൂന്നാംപാത നിർമ്മിക്കുന്നതിനോട് മുതിർന്ന റയിൽവേ ഉദ്യോഗസ്ഥരിൽത്തന്നെ ഭിന്നാഭിപ്രായമുണ്ടായി.

പുതിയ പാത നിർമ്മിക്കുന്നതിന്റെ മൂന്നിലൊന്നു തുക മുടക്കി ഷൊർണൂർ‑എറണാകുളം പാതയിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തുന്നതാണ് സൗകര്യം എന്നും പലരും ചൂണ്ടിക്കാട്ടി. അതിന്റെ അടിസ്ഥാനത്തിൽ, പൂങ്കുന്നം — എറണാകുളം സെക്ഷനിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനത്തിന് അനുമതി തേടുകയും അധിക സാമ്പത്തിക ബാദ്ധ്യത വരും എന്നതിനാൽ അപ്രായോഗികം എന്നു വിലയിരുത്തി ഈ വർഷമാദ്യം മൂന്നാം പാത എന്ന ആശയം കൈവിടുകയും ചെയ്തു.

അധിക സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി തള്ളിയ പദ്ധതിയാണ്, 2024 നുള്ളിൽ അടിയന്തരപ്രാധാന്യത്തോടെ പൂർത്തിയാക്കാൻ തീരുമാനിച്ച് റയിൽവേ ഇപ്പോൾ പൊടി തട്ടിയെടുത്തിട്ടുള്ളത്. ഇതിനു പിന്നിൽ, സംസ്ഥാന സർക്കാരിന്റെ ചില പദ്ധതികളെ തുരങ്കം വയ്ക്കുക എന്ന ഗൂഢലക്ഷ്യമുള്ളതായും വിമർശനമുയരുണ്ട്.

പദ്ധതിക്കായി ആരെയും കുടിയൊഴിപ്പിക്കില്ല എന്ന് ദക്ഷിണ റയിൽവേ പറയുന്നുണ്ടെങ്കിലും, 30 മീറ്റർ വീതിയിൽ 250 ഹെക്ടർ സ്ഥലം മൂന്നാം പാതയ്ക്ക് ആവശ്യമായി വരുന്നിടത്ത് ജനവാസ മേഖലകളെ ഒഴിവാക്കാൻ എന്തു മാജിക്കാണ് റയിൽവേയുടെ കയ്യിലുള്ളത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

Eng­lish summary;Shornur — Ernaku­lam Third Line

You may also like this video;

Exit mobile version