Site iconSite icon Janayugom Online

യുഎൻ പൊതുസഭയിൽ നെതന്യാഹുവിന് കൂക്കിവിളി; പ്രസംഗം ബഹിഷ്കരിച്ച് പ്രതിനിധികള്‍ ഇറങ്ങിപ്പോയി

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന് നേരെ യുഎൻ പൊതുസഭയിൽ കൂക്കിവിളി. നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 100 ലേറെ പ്രതിനിധികള്‍ വാക്കൗട്ട് നടത്തി. ഇറാന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ട് ഇസ്രയേലിനെ അസ്ഥിരമാക്കാൻ ശ്രമിക്കുകയാണെന്ന് നെതന്യാഹു ആരോപിച്ചു.

 

ഹമാസിന്റെ ഭീഷണി അവസാനിക്കും വരെ യുദ്ധം തുടരും, ഇറാൻ ഭീഷണിയാണെന്നും വരും വർഷങ്ങളിൽ മിഡിൽ ഈസ്റ്റ്‌ പൂർണമായും പുതിയ രൂപത്തിലാകുമെന്നും നെതന്യാഹു പറഞ്ഞു. “ധീരരായ പോരാളികളേ, ഇത് പ്രധാനമന്ത്രി നെതന്യാഹു ആണ്. ഞങ്ങൾ നിങ്ങളെ മറന്നിട്ടില്ല. നിങ്ങളെ തിരിച്ചെത്തിക്കാതെ ഞങ്ങൾ വിശ്രമിക്കില്ല, ”—ഇസ്രയേലി ബന്ദികൾക്ക് ഹീബ്രു ഭാഷയിൽ അദ്ദേഹം സന്ദേശം നൽകി.

അറബ്, മുസ്ലിം, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും പ്രതിഷേധത്തിന്റെ ഭാഗമായി. നെതന്യാഹുവിന്റെ അനുയായികൾ ഉച്ചത്തിൽ കൈയടിച്ചും മിനിറ്റുകളോളം എഴുന്നേറ്റു നിന്നുകൊണ്ടും ഇറങ്ങിപ്പോക്കിലെ ഗൗരവം കുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

Exit mobile version