ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി കീലസുരണ്ട സ്വദേശി മുരുകന്റെ മകൻ സുരേഷ്(32) ആണ് അറസ്റ്റിലായത്.
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നിരുന്ന കാലയളവിൽ ഓഗസ്റ്റ് ഇരുപതിന് സന്നിധാനത്തെ വഞ്ചി കുത്തിപ്പൊളിച്ച് ഇയാൾ പണം മോഷ്ടിച്ച് കടക്കുകയായിരുന്നു. നട അടച്ച ശേഷം സംഭവം ശ്രദ്ധയിൽപെട്ട ദേവസ്വം ബോർഡ് അധികൃതർ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് കുടുക്കിയത്. വർഷങ്ങളായി എല്ലാ മാസവും ശബരിമലയിൽ വന്നിരുന്ന പ്രതി, മോഷണവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതിനെ തുടർന്ന് ഈ മാസം ശബരിമലയിലെത്തിയില്ല. എന്നാൽ ഇയാൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.ഇയാൾ ഫോൺ ഉപയോഗിക്കാത്തത് പോലീസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തിരുനെൽവേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
തിങ്കളാഴ്ച തെങ്കാശിക്ക് അടുത്തുള്ള സുരണ്ട എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അന്വേഷണസംഘം പിടികൂടിയത്. തുടർന്ന് പമ്പ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും, കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.മണ്ഡല മകരവിളക്ക് കാലത്തിനു മുന്നോടിയായി കൂടുതൽ സിസിടിവി ക്യാമറകളും സുരക്ഷാ മുൻകരുതൽ ബോർഡുകളും സ്ഥാപിക്കുന്നതിനുവേണ്ട നടപടികൾകൈക്കൊള്ളുമെന്നും, സന്നിധാനത്ത് ജോലിക്ക് എത്തുന്ന മുഴുവൻ താൽക്കാലിക ജീവനക്കാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.