ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന് സമാനമായ സംഭവം വിശാഖപട്ടണത്തും. യുവതിയുടെ വെട്ടി നുറുക്കിയ മൃതദേഹാവിശിഷ്ടങ്ങള്‍ അടഞ്ഞു കിടന്ന വാടകവീട്ടില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു വര്‍ഷത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു.മുന്‍പ് വാടകയ്ക്ക് താമസിച്ചിരുന്നവര്‍ വാടക നല്‍കാതെ വന്നതോടെ വീട്ടുടമ വീട് തുറന്ന് നോക്കുകയായിരുന്നു. വീടിന്റെ പൂട്ട് തുറന്നാണ് വീട്ടുടമ അകത്ത് കയറിയത്. വീപ്പയ്ക്കുള്ളില്‍ വെട്ടിനുറുക്കിയ നിലയിലാണ് യുവതിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
2021 ജൂണില്‍ കുടിശ്ശിക തന്നു തീര്‍ക്കാതെ മുന്‍പുണ്ടായിരുന്ന താമസക്കാരന്‍ വീട് തത്കാലം ഒഴിഞ്ഞത്. ഭാര്യയുടെ പ്രസവം കാരണമായി പറഞ്ഞാണ് താമസക്കാരന്‍ പോയത്. ഒരു വര്‍ഷം കാത്തിരുന്നിട്ടും കുടിശ്ശിക തന്നുതീര്‍ക്കാതെ വന്നതോടെയാണ് വീട്ടുടമ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയത്.
താമസക്കാരന്റെ സാധനങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന് വിശാഖപട്ടണം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് ശ്രീകാന്ത് പറയുന്നു. മരിച്ച സ്ത്രീ വാടകക്കാരന്റെ ഭാര്യ തന്നെയായിരിക്കാം എന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടുടമയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
English Summary:Shraddha model killed in Visakhapatnam too; Woman’s dismembered body inside barrel
You may also like this video