Site iconSite icon Janayugom Online

ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

ആരാധനാലയവും മത ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിന്റെ പ്രചാരണമെന്ന് പരാതിയില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം പള്ളിക്കുന്ന് ദേവാലയത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി ദേവാലയത്തിനുള്ളില്‍ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുകയും ഇതിന്റെ വീഡിയോയും ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നുമാണ് പരതി. ടി സിദ്ദിഖ് എംഎല്‍എ, വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ 10നാണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിലെത്തിയത്. 

ദേവാലയത്തിനകത്ത് വൈദികര്‍ പ്രത്യേക പ്രാർത്ഥന നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചു. ആരാധനാലത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിച്ചതായും എല്‍ഡിഎഫ് പരാതിയില്‍ ഉണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് യുഡിഎഫ് സ്ഥാനാര്‍ഥി നടത്തിയതെന്ന് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 

Exit mobile version