Site iconSite icon Janayugom Online

ശ്രുതി ആശുപത്രി വിട്ടു; ഇനി മുണ്ടേരിയിലെ വീട്ടിൽ വിശ്രമം

ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ആശുപത്രി വിട്ടു. ആശുപത്രിയിൽ ആരോഗ്യപ്രവ‍ർത്തകർ നന്നായ പരിചരിച്ചുവെന്ന് ശ്രുതി പറഞ്ഞു. അച്ഛന്റെ സഹോദരന്റെ മുണ്ടേരിയിലെ വീട്ടിലേക്കാണ് പോവുന്നതെന്നും ഇനി വിശ്രമത്തിൽ തുടരുമെന്നും ശ്രുതി പറഞ്ഞു. ഇരു കാലിലും ഒടിവും ചതവുമേറ്റ ശ്രുതിക്ക് ഇടതുകാലിലാണ് ശസ്ത്രക്രിയ നടത്തിയത്. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടമായ ശ്രുതിക്ക് ഉറ്റ ബന്ധുക്കളായ ആറ് പേരെ കൂടി നഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് ജോലി ചെയ്യുകയായിരുന്നതിനാൽ ശ്രുതി ദുരന്തത്തിൽ ഇരയായില്ല. പിന്നീട് വയനാട്ടിലെത്തിയ ശ്രുതിക്ക് മാനസിക പിന്തുണ നൽകി ഒപ്പം നിന്നത് പ്രതിശ്രുത വരൻ ജെൻസണായിരുന്നു. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് പതിയെ മുക്തയായി വരുമ്പോഴായിരുന്നു രണ്ടാം ദുരന്തം. 

കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ജെൻസൺ ഓടിച്ച മാരുതി ഒമ്നി വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദുരന്തത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ജെൻസൺ ആശുപത്രിയിൽ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹ നിശ്ചയത്തിലേക്കും എത്തിയിരുന്നു. അതിനിടയിലാണ് ഉരുൾപ്പൊട്ടൽ ദുരന്തം ശ്രുതിയുടെ ജീവിതത്തെ അപ്പാടെ ഇരുട്ടിലാക്കിയത്. ഈ വരുന്ന ഡിസംബറിൽ വിവാഹം നടത്താൻ നിശ്ചയിച്ചതായിരുന്നു. ശ്രുതിയുടെ ഉറ്റവരെല്ലാം ദുരന്തത്തിൽ മരണപ്പെട്ടതിനാൽ വിവാഹം നേരത്തെയാക്കാൻ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് മറ്റൊരു ദുരന്തം കൂടിയെത്തി ശ്രുതിയെ തനിച്ചാക്കിയത്. ശ്രുതിക്ക് വേണ്ടി അടച്ചുറപ്പുള്ള വീടാണ് ഇനി തന്റെ സ്വപ്നമെന്ന് പറഞ്ഞ് അവളുടെ കൈപിടിച്ചിരുന്ന, അവളെ ഒറ്റയ്ക്കാക്കാതെ കാത്തിരുന്ന ജെൻസൻ കൂടി യാത്രയായത് കേരളത്തിനാകെ വലിയ നോവായി മാറിയിരുന്നു.

Exit mobile version