ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റിങ്ങിനിടെ പരിക്കേറ്റ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ആശുപത്രി വിട്ടു. കഴുത്തിനു പരിക്കേറ്റ താരം കൊൽക്കത്തയിലെ വുഡ്‌ലാൻഡ്‌സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ താരം കളിക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഈ മാസം 22 മുതലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച ഈഡൻ ഗാർഡൻസിൽ ടീമിന്റെ പരിശീലനമുണ്ട്. അതിലും ഗിൽ പങ്കെടുക്കില്ല. ബുധനാഴ്ചയാണ് ടീം ഗുവാഹത്തിലേക്ക് പോകുന്നത്. ടീമിനൊപ്പം ഗില്ലുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ താരത്തോട് വിമാന യാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്.

