Site iconSite icon Janayugom Online

എസ്‌ഐ ചമഞ്ഞ് കടകളിലെത്തി പണം തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍

എസ് ഐയാണെന്ന് പരിചയപ്പെടുത്തി വ്യാപാരികളില്‍ നിന്നും പണം കടംവാങ്ങി നടന്ന തട്ടിപ്പുകാരനെ പിടികൂടി. പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വ്യാപാരി നേതാക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ട്രാഫിക് എസ്‌ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്‌ഐയാണെന്നും പറഞ്ഞാണ് ഇയാള്‍ പലയിടങ്ങളില്‍ വ്യാപാരികളില്‍ നിന്നും പണം വാങ്ങി മുങ്ങിനടന്നത്. ഞായറാഴ്ച്ച രാവിലെ വ്യാപാരി നേതാക്കളായ കെ എസ് റിയാസ്, വി താജുദ്ദീന്‍, കെ ഇബ്രാഹിംകുട്ടി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സമാനമായ രീതിയില്‍ രാവിലെ തളിപ്പമ്പിലെ ഒരു വ്യാപാരിയില്‍ നിന്നും തട്ടിപ്പിന് ശ്രമിക്കവെയാണ് പിടിയിലായത്.

സമൂഹമാധ്യമങ്ങളില്‍ ഇയാളെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് തട്ടിപ്പ് വേഗത്തില്‍ മനസിലാക്കാന്‍ സാധിച്ചത്. ഇതോടെ വ്യാപാരികള്‍ ഇയാളെ പിടികൂടുകയും ചെയ്തു. കഴിഞ്ഞ ദിവസം തളിപ്പറമ്പ് കരിമ്പത്തും ഇയാള്‍ ട്രാഫിക് എസ് ഐയാണെന്ന് പരിചയപ്പെടുത്തി പണം തട്ടിയത്. മന്നയിലുള്ള കള്ള്ഷാപ്പിന് സമീപം ചിപ്സ് വില്‍പ്പന നടത്തിയിരുന്ന ജയ്സണ്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂര്‍ പൊലീസിന് ഇയാളെ കൈമാറിയിട്ടുണ്ട്.

Exit mobile version