Site iconSite icon Janayugom Online

മൂന്നാം ദിനവും പിടികൊടുക്കാതെ സിദ്ദിഖ് ; മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി

ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ മൂന്നാം ദിനവും പിടികൂടാനാവാതെ പൊലീസ്. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ സിദ്ദിഖ് ഒളിവിലാണ്. നടൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗി സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നൽകാനുണ്ടായ കാലതാമസം, ക്രിമിനൽ പശ്ചാത്തലമില്ല എന്നീ വാദങ്ങൾ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. തടസ്സഹർജിയുമായി സർക്കാരും സുപ്രീംകോടതിയെ സമീപിക്കും. 

സിദ്ദിഖിനെ കണ്ടെത്തുന്നതിനായി അന്വേഷണസംഘം മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസിൽ പറയുന്നു. ‘ഫോട്ടോയിൽ കാണുന്ന ഫിലിം ആർട്ടിസ്റ്റ് സിദ്ദിഖ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിലവിലുള്ള കേസിലെ പ്രതിയും ഒളിവിൽ പോയിട്ടുള്ളയാളും ആണ്. ഇയാളെക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണം’–നോട്ടിസിൽ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ (9497996991), റെയ്ഞ്ച് ഡിഐജി ( 9497998993), നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ (9497990002), മ്യൂസിയം പൊലീസ് സ്റ്റേഷൻ (0471–2315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്. ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ പേരിലാണ് നോട്ടിസ്. എല്ലാ വിമാനത്താവളങ്ങളിലേക്കും തിരച്ചിൽ നോട്ടിസ് നൽകിയിരുന്നു. യുവനടിയുടെ പരാതിയിൽ ബലാത്സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡനത്തിനിരയായതെന്നാണു നടി പൊലീസിനോടു വെളിപ്പെടുത്തിയത്. 

Exit mobile version