Site iconSite icon Janayugom Online

ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി സിദ്ദിഖ് കാപ്പന്‍

ജാമ്യവ്യവസ്ഥയില്‍ ഇളവുകള്‍ തേടി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള യാത്രയിലാണ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ ചുമത്തിയ കേസില്‍ രണ്ടുവര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷമാണ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 2022 സെപ്റ്റംബര്‍ ഒമ്പതിന് അന്നത്തെ ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യവസ്ഥകളോടെ കാപ്പന് ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍ അനുവദിച്ചായിരുന്നു നടപടി.

കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത പാസ്പോര്‍ട്ട് പുതുക്കാന്‍ വിട്ടു നല്‍കുക, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അംഗത്വ രസീത്, എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, മെട്രോ കാര്‍ഡ് തുടങ്ങിയ രേഖകള്‍ മടക്കി നല്‍കണമെന്നും പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ എല്ലാ തിങ്കളാഴ്ചയും ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ ഇളവ് വേണമെന്നുമാണ് കാപ്പന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യത്തെ ആറ് ആഴ്ചയ്ക്കു ശേഷം കേരളത്തിലേക്ക് പോവാന്‍ അനുമതി നല്‍കിയെങ്കിലും എല്ലാ തിങ്കളാഴ്ചകളിലും സമാനമായ രീതിയില്‍ ലോക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണമെന്നാണ് ജാമ്യവ്യവസ്ഥ. അപേക്ഷകന്‍ പാസ്‌പോര്‍ട്ട് നല്‍കണം, സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്, വിവാദവുമായി ബന്ധപ്പെട്ട ആരുമായും ബന്ധപ്പെടരുത് തുടങ്ങിയ വ്യവസ്ഥകളുമുണ്ടായിരുന്നു. 

Exit mobile version