ഹോട്ടൽ വ്യാപാരി സിദ്ദീഖിനെ വധിച്ച് കഷണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതിയാവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ജെഫ്രി ജോർജ് ജോസഫ് നൽകിയ അപേക്ഷ നാലാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് പി. അഞ്ജലി അനുവദിച്ചു.
ഒന്നും മൂന്നും പ്രതികളായ വല്ലപ്പുഴ ചെറുകോട് ആച്ചീരിത്തൊടി മുഹമ്മദ് സിബിൽ (23), പാലക്കാട് മേച്ചേരി വല്ലപ്പുഴ വാലുപറമ്പിൽ മുഹമ്മദ് ആഷിഖ് എന്ന സിക്കു (26) എന്നിവരെ കോഴിക്കോട് ജയിലിൽ ജൂൺ 30നും രണ്ടാം പ്രതി ചെർപ്പുളശ്ശേരി ചളവറ കുട്ടുതൊടി കദീജത്തുൽ ഫർഹാനയെ (18) പാലക്കാട് ജയിലിൽ അടുത്ത മാസം ഒന്നിനും രാവിലെ 10ന് ചോദ്യം ചെയ്യാനാണ് അനുമതി. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ കോടതി തള്ളിയതിനെത്തുടർന്നാണ് ജയിലിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന അപേക്ഷ പൊലീസ് നൽകിയത്.
കേസിൽ പ്രതികളെ നേരത്തേ കസ്റ്റഡിയിൽ നൽകിയതിനാൽ അന്വേഷണം ഏറെ മുന്നോട്ടുപോയ ശേഷം വീണ്ടും വിട്ടുകൊടുക്കരുതെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. മൂന്ന് പ്രതികളും ജൂലൈ ഏഴുവരെ റിമാൻഡിലാണ്. തിരൂർ പൊലീസെടുത്ത കേസ് നടക്കാവ് സ്റ്റേഷൻ ഏറ്റെടുത്ത സാഹചര്യത്തിൽ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു പൊലീസ് ആവശ്യം.
മേയ് 18ന് തിരൂർ ഏഴൂർ സ്വദേശിയായ കോഴിക്കോട് കുന്നത്തുപാലത്ത് ചിക്കിൻ ബേക്ക് ഹോട്ടൽ നടത്തുന്ന സിദ്ദീഖിനെ (58) ഹണിട്രാപ്പിൽ കുടുക്കി എരഞ്ഞിപ്പാലത്തെ ലോഡ്ജിലെത്തിച്ച് വധിച്ച് ട്രോളി ബാഗിലാക്കി ഉപേക്ഷിക്കുകയും എ.ടി.എം ഉപയോഗിച്ച് പണം തട്ടുകയും മുറി കഴുകി തെളിവ് നശിപ്പിക്കുകയും ചെയ്തതായാണ് കേസ്.
english summary; Siddique murder: Permission to interrogate the accused in jail
you may also like this video;