കോവിഡ്-19 വാക്സിനായ കോവിഷീൽഡ് പിൻവലിച്ച് നിര്‍മ്മാതാക്കളായ അസ്ട്രസെനക്ക. വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങളുള്ളതായി നിര്‍മ്മാതാക്കള്‍ തന്നെ സമ്മതിച്ചത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് വാക്സിൻ വിപണിയില്‍ നിന്നും പിൻവലിക്കുന്നത്. എന്നാൽ വാണിജ്യപരമായ കാരണങ്ങളാലാണ് നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം.
അസ്ട്രസെനക്കയുടെ വാക്സിൻ കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമ്മിച്ച് വിതരണം ചെയ്യുന്നത്. 175 കോടിയിലധികം ഡോസ് കോവിഷീല്‍ഡ് വാക്സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്. വാക്സിൻ ഇനി നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ഇല്ലെന്ന് അസ്ട്രസെനക്ക അറിയിച്ചു. വിപണിയില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്.
വാക്സിന്റെ മാർക്കറ്റിങ് അംഗീകാരം അസ്ട്രസെനക്ക പിൻവലിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ വക്സസെവ്രിയ എന്ന പേരിലാണ് അസ്ട്രസെനക്ക കോവിഡ് വാക്സിൻ വിപണിയിലുള്ളത്. ലോകത്താകമാനം വലിയ തോതില്‍ വിറ്റഴിക്കപ്പെട്ട വാക്‌സിനുകളില്‍ ഒന്നാണിത്. കോവിഡ് മഹാമാരി ഇല്ലാതാക്കുന്നതിൽ വക്സസെവ്രിയ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അസ്ട്രസെനക്ക കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. വാക്സിനുകളുടെ ലഭ്യത അധികമാണെന്നും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള നവീകരിച്ച വാക്സിനുകൾ കോവിഷീൽഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു.
അസ്ട്രസെനക്ക വാക്സിൻ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലറ്റുകളുടെ അളവ് കുറയുന്നതിനും കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുകെ കോടതിയിൽ അസ്ട്രസെനിക്കക്കെതിരെ കേസും നിലവിലുണ്ട്. ഈ കേസിലായിരുന്നു വാക്സിന്‍ കാരണം പാര്‍ശ്വഫലങ്ങളുണ്ടായേക്കാമെന്ന് കമ്പനി കുറ്റസമ്മതം നടത്തിയത്.
കോവിഷീല്‍ഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ പരിശോധിക്കാന്‍ ഒരു മെഡിക്കല്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സുപ്രീം കോടതിയില്‍ ഒരു അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.
English Summary: Side effects: AstraZeneca recalls covid vaccine
You may also like this video