Site iconSite icon Janayugom Online

ജയമുറപ്പിച്ച് കൊട്ടിക്കലാശം: തൃക്കാക്കരയില്‍ ഇന്ന് നിശബ്ദ പ്രചാരണം

campaigncampaign

തൃക്കാക്കര മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. ഇന്നലെ വൈകിട്ട് പാലാരിവട്ടത്ത് നടന്ന എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം നഗരത്തെ ചെങ്കടലാക്കി.
രാവിലെ കാക്കനാട് നിന്നും ആരംഭിച്ച റോഡ് ഷോ നഗരകേന്ദ്രങ്ങള്‍ ചുറ്റി വൈകിട്ട് പാലാരിവട്ടത്ത് എത്തിയപ്പോള്‍ ഓരോ കേന്ദ്രങ്ങളിൽ നിന്നും ചെറു നദികളായി ഒഴുകിയെത്തിയ പ്രവർത്തകർ പാലാരിവട്ടത്തെ ജനസമുദ്രത്തില്‍ അലിഞ്ഞുചേര്‍ന്നു. ഡോ. ജോ ക്രെയിനിലേറി രക്തപതാകയേന്തി അഭിവാദ്യം ചെയ്തപ്പോൾ ആവേശത്തിന്റെ കൊടുമുടിയിലെത്തിയ പ്രവര്‍ത്തകര്‍ തൃക്കാക്കരയിൽ ജോയുടെ വിജയം സുനിശ്ചിതമെന്ന് ഉറപ്പിക്കുകയായിരുന്നു.

തൃക്കാക്കരയിൽ ഇക്കുറി വിധിയെഴുതുന്നത് 1,96,805 വോട്ടർമാരാണ്. ഇതിൽ 3633 പേർ കന്നിവോട്ടർമാരാണ്. 95,274 പേർ പുരുഷന്മാരും 1,01,530 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. 239 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഡോ. ജോ ജോസഫ് (എൽഡിഎഫ്), ഉമ തോമസ് (യുഡിഎഫ് ), എ എൻ രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരെ കൂടാതെ അനിൽ നായർ, ജോമോൻ ജോസഫ് സ്രാമ്പിക്കൽ, സി പി ദിലീപ് നായർ, ബോസ്കോ ലൂയിസ്, മൻമദൻ എന്നിവരും മത്സരരംഗത്തുണ്ട്.
ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെ രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. ജൂൺ മൂന്നിന് എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ.
തെരഞ്ഞെടുപ്പ് മര്യാദകൾ ലംഘിച്ച് എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ യുഡിഎഫ് പ്രവർത്തകർ പ്രചരിപ്പിച്ച അശ്ലീല വീഡിയോ തിരിച്ചടിയായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. അവസാന ലാപ്പിൽ എത്തിയതോടെ ഏറ്റവും ജനപ്രിയ സാരഥിയായി ഡോ. ജോ മുന്നിലെത്തി. 

മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് നേതാക്കളായ ഇ പി ജയരാജൻ, കോടിയേരി ബാലകൃഷ്ണൻ, പി രാജീവ്, കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, എം എ ബേബി, എ വിജയരാഘവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പി സി ചാക്കോ, ജോസ് കെ മാണി, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, സിപിഐ (എം) ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ എന്നിവര്‍ ഉൾപ്പെടെ നേതാക്കളും മന്ത്രിമാരും എംഎൽഎമാരും മറ്റു നേതാക്കളും ദിവസങ്ങളോളം മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
അഡ്വ. കെ എൻ സുഗതൻ ചെയർമാനും എം സ്വരാജ് സെക്രട്ടറിയുമായുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. കുടുംബ സദസുകളും പൊതുയോഗങ്ങളും ഭവന സന്ദർശനവും വേറിട്ട പ്രവർത്തനത്തിന് ഇടയാക്കി. തൃക്കാക്കരയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ വാശിയേറിയ ഒരു പോരാട്ടം നടക്കുന്നത്. 

Eng­lish Sum­ma­ry: Silent cam­paign in Thrikkakara today

You may like this video also

Exit mobile version