നിർമ്മിത ബുദ്ധിയുടെയും നൂതന സാങ്കേതികവിദ്യകളുടെയും സുപ്രധാന ഘടകങ്ങൾ ഉൾപ്പെടുന്ന ഹൈടെക് വിതരണ ശൃംഖലകളിൽ ചൈനയുടെ ആധിപത്യം കുറയ്ക്കുന്നതിനായി യുഎസ് മുൻകൈയെടുത്ത് രൂപീകരിച്ച ഒമ്പത് രാജ്യങ്ങളുടെ സഖ്യത്തിൽ ഇന്ത്യയെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. സുരക്ഷിതമായ സെമി കണ്ടക്ടർ വിതരണ ശൃംഖല ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം ‘പാക്സ് സിലിക്ക’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, നെതർലാൻഡ്സ്, യുകെ, ഇസ്രയേൽ, യുഎഇ, ഓസ്‌ട്രേലിയ എന്നിവരാണ് പുതിയ സഖ്യത്തിലെ അംഗങ്ങൾ. ഇന്ത്യ ഒഴികെ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് കൂട്ടായ്മയിലെ മറ്റ് മൂന്ന് രാജ്യങ്ങളും ‘പാക്സ് സിലിക്ക’യുടെ ഭാഗമാണ്. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക, നിർമ്മിത ബുദ്ധിയുടെയും മറ്റ് സുപ്രധാന സാങ്കേതികവിദ്യകളുടെയും അടിസ്ഥാന വസ്തുക്കളെ സംരക്ഷിക്കുക, സഖ്യകക്ഷികൾക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും വിന്യസിക്കാനും കഴിയുമെന്ന് ഉറപ്പാക്കുക തുടങ്ങിയവയും സഖ്യത്തിന്റെ ലക്ഷ്യമാണ്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബന്ധത്തിൽ സമീപകാലത്തുണ്ടായ അകൽച്ചയാണ് ഇന്ത്യയെ ഒഴിവാക്കാനുള്ള പ്രധാനകാരണം. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രംപുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നാലെയാണ് സഖ്യത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയതായുള്ള റിപ്പോർട്ട് പുറത്തുവരുന്നത്. റഷ്യയുമായി പ്രതിരോധ, സാമ്പത്തിക സഹകരണം വർധിക്കുന്നതും അമേരിക്കയുടെ അതൃപ്തിക്ക് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.

