Site iconSite icon Janayugom Online

അനുകൂല‑പ്രതികൂല വാദമുഖങ്ങളുയര്‍ത്തി സില്‍വര്‍ ലൈന്‍ സംവാദം

കേരള റയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ റയില്‍) സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റയില്‍ പദ്ധതിയെക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. കണ്ണൂര്‍ ഗവ. കോളജ് ഓഫ് എന്‍ജിനീയറിങ് റിട്ട, പ്രിന്‍സിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റുമായ ഡോ. ആര്‍ വി ജി മേനോന്‍, റിട്ടയേര്‍ഡ് റയില്‍വേ ബോര്‍ഡ് മെമ്പര്‍ (എന്‍ജിനീയറിങ്) സുബോധ് കുമാര്‍ ജെയിന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നാഷണൽ അക്കാദമി ഓഫ് ഇന്ത്യൻ റയിൽവേസിലെ മുൻ സീനിയർ പ്രൊഫസർ മോഹൻ എ മേനോനായിരുന്നു പരിപാടിയുടെ മോഡറേറ്റർ. പദ്ധതിയുടെ സാമ്പത്തിക — സാങ്കേതിക — പ്രായോഗിക വശങ്ങൾ പരിപാടിയിൽ ചർച്ചയായി. കേരളത്തിന്റെ ഗതാഗത വികസനത്തിന് അനുയോജ്യമായ പദ്ധതിയാണ് സില്‍വര്‍ ലൈനെന്ന് ഡോ. കുഞ്ചെറിയ പി ഐസക് പറഞ്ഞു. റോഡ് വികസനംകൊണ്ടു മാത്രം കേരളത്തിന്റെ ഗതാഗത പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരമുണ്ടാക്കാനാകില്ല. സാങ്കേതികവിദ്യാ മാറ്റം ഗതാഗത മേഖലയിലും സംഭവിക്കണം. സംസ്ഥാനത്തെ ഗതാഗതത്തിന്റെ ശരാശരി വേഗം മണിക്കൂറിൽ 30 — 40 കിലോമീറ്ററാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇത് 80–90 കിലോമീറ്ററാണ്. റയിൽ ഗതാഗതവേഗം കേരളത്തിൽ 60 കിലോമീറ്ററിനു താഴെ നിൽക്കുന്നു. ഈ സാഹചര്യത്തിനു മാറ്റമുണ്ടാകണമെങ്കിൽ സിൽവർ ലൈൻ പോലുള്ള പുതിയ പദ്ധതികൾ യാഥാർത്ഥ്യമാകണമെന്ന് ഡോ. കുഞ്ചെറിയ പി ഐസക്ക് ചൂണ്ടിക്കാട്ടി. അതിവേഗത്തിലുള്ള യാത്രാ സംവിധാനമാണ് കേരളത്തിന് വേണ്ടതെന്ന് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സിൽവർ ലൈൻ പദ്ധതിക്കു കഴിയും. കേരളത്തിൽ പ്രധാന വികസന പദ്ധതികൾ വന്നപ്പോഴെല്ലാം തുടക്കത്തിൽ വലിയ എതിർപ്പുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റയിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനത്തെ നിലവിലെ റയിൽപ്പാത വികസനമാണു നടപ്പാക്കേണ്ടതെന്നായിരുന്നു കണ്ണൂർ ഗവൺമെന്റ് കോളജ് ഓഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റുമായ ഡോ. ആർ വി ജി മേനോന്റെ അഭിപ്രായം. ഇപ്പോൾ നടക്കുന്ന പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കി മൂന്നാമത്തെ പാത നടപ്പാക്കണം. റോഡ്, റയിൽവേ വികസനങ്ങൾക്കു തടസം നിൽക്കുന്നതു നാട്ടുകാരല്ല. ഇച്ഛാശക്തിയോടെ നടപ്പാക്കാൻ കഴിയാത്തതാണു പ്രശ്‌നം. റയിൽവേ ലൈനിലുള്ള 626 വളവുകൾ നിവർത്തണം. അത്യാധുനിക സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തണം. കൂടുതൽ ട്രെയിനുകൾ ഓടിക്കണം. റയിൽവേ വികസനത്തിനു പണം കണ്ടെത്തുന്നതിനു വിദേശ വായ്പ ലഭ്യമായില്ലെങ്കിൽ കിഫ്ബിയിൽനിന്നു പണം കണ്ടെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ഗേജ് പ്രശ്‌നം പദ്ധതിയുടെ വിജയകരമായ മുന്നോട്ടുപോക്കിനെ ബാധിക്കില്ലെന്ന് റയിൽവേ ബോർഡ് മുൻ അംഗം സുബോധ് കുമാർ ജെയിൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്ക് ഭാവിയിൽ നാഷണൽ ഹൈസ്പീഡ് റയിൽ കോറിഡോറിന്റെ ഭാഗമായി മാറാൻ കഴിയും. സില്‍വര്‍ ലൈനിന് വേണ്ടി എടുക്കുന്ന വായ്പയില്‍ ആശങ്ക വേണ്ടെന്നും കേരളം തിരിച്ചടവിന് പ്രാപ്തിയുള്ള സംസ്ഥാനമാണെന്നും സുബോധ് ജെയിന്‍ കൂട്ടിചേര്‍ത്തു.

Eng­lish sum­ma­ry; Sil­ver line debate with pros and cons

You may also like this video;

Exit mobile version