ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്നും സമരക്കാർക്കെതിരായ കേസ് പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ തുടർ നടപടികൾക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ ഡിപിആർ അപൂർണമെന്ന് കേന്ദ്രം അറിയിച്ചെന്ന വാദം ശരിയല്ല. തുടർ നടപടികൾക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സിൽവർ ലൈൻ പദ്ധതിക്കെതിരെ രാഷ്ട്രീയമായ സമ്മർദ്ദങ്ങളുണ്ടായിരുന്നു. ആ നീക്കത്തിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താവുന്ന കേന്ദ്രഭരണ കക്ഷി കൂടി ഉൾപ്പെട്ടു. അതോടെയാണ് കേന്ദ്ര സർക്കാർ പിന്നോട്ട് പോയത്. പദ്ധതിക്കെതിരെ കേന്ദ്രത്തിൽ നിന്നുള്ള ചില ഉത്തരവാദിത്തപ്പെട്ടവർ സംസാരിക്കുന്ന രീതിയുമുണ്ടായി. ആ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ അനുമതിക്ക് ശേഷമാകാം പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളെന്ന് സംസ്ഥാനം തീരുമാനിക്കുകയായിരുന്നു. കേന്ദ്രത്തിന് എന്നെങ്കിലും ഒരിക്കൽ പദ്ധതിക്കായി അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
English Sammury: CM Pinarayi Vijayan explanation of silver line in Kerala Niyamasaba