Site icon Janayugom Online

സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗപാത; കേന്ദ്രം അനുകൂലം

സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റയില്‍പാത പദ്ധതിയോട് കേന്ദ്രസര്‍ക്കാരിന് അനുകൂല മനോഭാവമാണെന്നും കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഭാവപൂര്‍ണമായ നിലപാടാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അനൗദ്യോഗികമായി റയില്‍വേ മന്ത്രിയേയും കാണാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്കു കണക്കാക്കുന്ന ആകെ ചെലവ് 63,941 കോടി രൂപയാണ്. ജൈക്ക, എഡിബി, എഐഐബി, കെഎഫ്ഡബ്ല്യു എന്നിവയില്‍ നിന്ന് ബാഹ്യസഹായമായ 33,700 കോടി രൂപ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പാണ് മുന്നോട്ട് നീക്കുന്നത്. വിദേശത്തു നിന്ന് കടമായി ലഭിക്കേണ്ട 33,700 കോടി രൂപയുമായി ബന്ധപ്പെട്ട അപേക്ഷ സാമ്പത്തികകാര്യ വകുപ്പില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ആ അപേക്ഷയിന്‍ മേല്‍ നിതി ആയോഗ്, ധനവ്യയ വകുപ്പ്, റയില്‍വേ മന്ത്രാലയം എന്നിവ ശുപാര്‍ശ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഗതാഗത രംഗത്ത് കേരളം ഒട്ടേറെ പ്രശ്‌നം നേരിടുന്നു. വേഗതയുള്ളതും സുരക്ഷിതവുമായ ഗതാഗത സംവിധാനം വേണമെന്ന കാര്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. ഉയര്‍ന്ന വാഹന സാന്ദ്രതയും വളവുകളുടെ ആധിക്യവും ഭൂപ്രകൃതി കാരണമുള്ള വലിയ കയറ്റിറക്കങ്ങളും റോഡ് ഗതാഗതത്തിന്റെ സുരക്ഷയെ ബാധിക്കുന്നു. പരിസ്ഥിതി സൗഹൃദവും ഊര്‍ജ്ജക്ഷമതയുമുള്ള സുസ്ഥിര യാത്രാ സംവിധാനം ഭാവിയെ സംബന്ധിച്ച് അതിപ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

യാത്രയ്ക്ക് വേണ്ടിവരുന്ന അധിക സമയമാണ് ഏറ്റവും പ്രധാനം. കേരളത്തില്‍ റോഡ് ഗതാഗതത്തിന് വേഗത 40 ശതമാനം കുറവും റയില്‍ ഗതാഗതത്തിന് 30 ശതമാനം കുറവുമാണ്. ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമെന്ന നിലയ്ക്ക് സില്‍വര്‍ ലൈനിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. എല്ലാ പാരിസ്ഥിതിക ആശങ്കകളെയും കണക്കിലെടുത്തുകൊണ്ടായിരിക്കും പദ്ധതി. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ കൂടി സില്‍വര്‍ ലൈന്‍ കടന്നുപോകുന്നില്ല. ഡിപിആര്‍ തയ്യാറാക്കിയ ഘട്ടത്തില്‍ തന്നെ ദ്രുത പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ശബ്ദം, പ്രകമ്പനം എന്നിവയുള്‍പ്പെടെ വിശകലനം ചെയ്യുന്ന വിശദമായ പരിസ്ഥിതി ആഘാത പഠനം ഒരു വര്‍ഷത്തിനുള്ളില്‍ നടത്തുകയും ചെയ്യും. 

അടുത്ത 50 വര്‍ഷത്തേക്കുള്ള ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. റോഡുകളായാല്‍ അവ അടിക്കടി നവീകരിക്കേണ്ടിയും വിപുലീകരിക്കേണ്ടിയും വരും. ഇതില്‍ അത്തരം പ്രശ്‌നവും ഉണ്ടാകുന്നില്ല. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനം നടക്കില്ല എന്നായിരുന്നു നാടിന്റെ പൊതുബോധം, എന്നാല്‍ അത് യാഥാര്‍ത്ഥ്യമായി. എന്‍എച്ച് 66നായുള്ള ഭൂമി 92 ശതമാനവും ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: sil­ver­line; In favor of the center
You may also like this video

Exit mobile version