Site iconSite icon Janayugom Online

വാട്ട്സ് ആപ്പ് സേവനത്തിന് സിം കാര്‍ഡ് നിര്‍ബന്ധം

വാട്ട്സ് ആപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മെസേജിങ് ആപ്പുകള്‍ക്ക് സിം കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ടെലിഗ്രാം, സിഗ്നൽ തുടങ്ങി ഓൺലൈൻ സന്ദേശ കൈമാറ്റ, കോളിങ് പ്ലാറ്റഫോമുകൾക്കും സിം ബൈൻഡിങ് ബാധകമാക്കി.
വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളുടെ ദുരുപയോഗവും കണക്കിലെടുത്താണ് പുതിയ ഉത്തരവ്. 90 ദിവസത്തിനുള്ളില്‍ നിയമം ബാധകമാക്കണമെന്ന് ടെലികോം മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ആപ്പ് ഉപയോഗിക്കുന്ന ഉപകരണത്തില്‍ സിം കാര്‍ഡ് ലഭ്യമല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഉപയോക്താവിന്റെ സേവനം, അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച സിം കാർഡുമായി തുടർച്ചയായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്വം ആയിരിക്കണം. ആപ്പിന്റെ വെബ് പതിപ്പ് ഓരോ ആറ് മണിക്കൂറില്‍ ഒരിക്കലെങ്കിലും ഉപയോക്താക്കളെ യാന്ത്രികമായി ലോഗ് ഔട്ട് ചെയ്യണം. തുടർന്ന് ഒരു ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഉപകരണം വീണ്ടും ലിങ്ക് ചെയ്യാൻ ഉപയോക്താവിന് സൗകര്യം അനുവദിക്കമെന്നും ഉത്തരവില്‍ പറയുന്നു.
ടെലികോം സൈബർ സുരക്ഷാ ഭേദഗതി നിയമങ്ങൾ, 2025 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്രസർക്കാരിന്റെ പുതിയ നടപടി. രാജ്യത്തിന് പുറത്തുനിന്നുള്ളവർ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പുകൾ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നീക്കം. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാല്‍ 2023 ലെ ടെലികമ്മ്യൂണിക്കേഷൻസ് ആക്‌ട്, ടെലികോം സൈബർ സുരക്ഷാ നിയമങ്ങൾ, മറ്റ് ബാധകമായ നിയമങ്ങൾ എന്നിവ പ്രകാരം നടപടിയെടുക്കുമെന്നും ടെലികോം മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം പുതിയ ഉത്തരവ് ഉപയോക്താക്കൾക്ക് ചില വെല്ലുവിളികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് വ്യവസായ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ, നിലവിലെ സിം കാർഡ് മാറ്റി പ്രാദേശിക സിം ഉപയോഗിക്കുമ്പോൾ ആശയവിനിമയ സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. വാട്സ്ആപ്പ് വെബ് സേവനങ്ങൾ ഓരോ ആറ് മണിക്കൂറിലും ലോഗൗട്ട് ചെയ്യണം എന്ന നിബന്ധനയും ഉപയോക്താക്കളെ ബാധിക്കാൻ സാധ്യതയുണ്ട്. സിം ബൈൻഡിങ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് അടുത്ത നാല് മാസത്തിനകം പുരോഗതി ടെലികോം വകുപ്പിന് സമർപ്പിക്കാനും എല്ലാ സന്ദേശ കൈമാറ്റ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

Exit mobile version