Site icon Janayugom Online

സിംഗപ്പൂർ ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിന്റണില്‍ സിന്ധു ഫൈനലില്‍

സിംഗപ്പൂർ ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിന്റൺ വനിത സിംഗിൾസിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ പി വി സിന്ധു ഫൈനലിൽ. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയെ അര മണിക്കൂർ കൊണ്ട് സിന്ധു നിലംപരിശാക്കി. നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്കോർ: 21–15, 21–7.
മത്സരത്തിൽ ലോക 38-ാം നമ്പറുകാരി കവകാമിക്കെതിരെ പൂർണ ആധിപത്യം പുലർത്തിയാണ് സിന്ധു അനായാസ വിജയം സ്വന്തമാക്കിയത്. 32 മിനിറ്റ് മാത്രം നീണ്ടു നിന്ന മത്സരത്തില്‍ ഒരിക്കല്‍ പോലും കവകാമിക്ക് മുന്നിലെത്താനായില്ല. സിന്ധുവിന്റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലാണിത്. 2019ല്‍ സെമി ഫൈനലിലെത്തിയിരുന്നു. 

2022ല്‍ ബാഡ്മിന്റണ്‍ 500ലെ കന്നി കിരീടമാണ് ഒരു മത്സരത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത്. ഫൈനലില്‍ ചൈനയുടെ വാങ് ഷി യോ, ജപ്പാന്റെ അയ ഓഹോരിയോയാ എന്നിവരിലൊരാളാവും സിന്ധുവിന്റെ എതിരാളി. ഇരുവരും ഇതുവരെ സിന്ധുവിനെ പരാജയപ്പെടുത്തിയിട്ടില്ലെന്നത് പ്രതീക്ഷ നല്‍കുന്നതാണ്. നിലവില്‍ ലോകറാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ് സിന്ധു. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഹാൻ യൂവിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ഒളിമ്പിക് വെങ്കല ജേതാവ് സൈന നെഹ്‌വാളും മലയാളി താരം എച്ച് എസ് പ്രണോയിയും ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു.

Eng­lish Summary:Sindhu in finals at Sin­ga­pore Open Super Series Badminton
You may also like this video

Exit mobile version