നിശ്ചയിച്ച സമയത്തിനും മണിക്കൂറുകള്‍ക്ക് മുന്‍പ് വിമാനം പറന്നുയര്‍ന്നതോടെ യാത്ര മുടങ്ങിയെന്ന പരാതിയുമായി യാത്രക്കാര്‍. അമൃത്സറില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സ്‌കൂട്ട് എയര്‍ലൈന്‍സ് വിമാനം 35 യാത്രികരെ കയറ്റാതെ യാത്ര തിരിച്ച സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് സംഭവം. രാത്രി 7.55 ന് പുറപ്പടേണ്ടിയിരുന്ന സിംഗപ്പൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സ് വിമാനമാണ് സമയം പുനഃക്രമീകരിച്ച് ഉച്ചയ്ക്ക് മൂന്നു മണിക്ക് പറന്നുയര്‍ന്നത്. വിമാനത്തിന്റെ സമയമാറ്റം യാത്രക്കാരെ അറിയിച്ചിരുന്നുവെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇ‑മെയില്‍ വഴി സന്ദേശം കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 30 പേര്‍ക്ക് ടിക്കറ്റെടുത്ത ട്രാവല്‍ ഏജന്റ് വിവരം കൈമാറാത്തതാണ് വിമാനയാത്ര നഷ്ടപ്പെടാന്‍ കാരണമെന്നും സൂചനയുണ്ട്.
സ്‌കൂട്ട് എയര്‍ലൈന്‍സ് അധികൃതരില്‍നിന്നും അമൃത്സര്‍ വിമാനത്താവള അധികാരികളില്‍ നിന്നും ഡിജിസിഎ വിശദാംശങ്ങള്‍ തേടി. വിമാനത്തില്‍ കയറാന്‍ കഴിയാതിരുന്ന യാത്രക്കാര്‍ക്ക് വിശ്രമ സൗകര്യം ഒരുക്കി നല്‍കിയെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. സമാനമായ സംഭവം ബംഗളുരു വിമാനത്താവളത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹി-ബംഗളൂരു ഗോ ഫസ്റ്റ് വിമാനമാണ് 55 ഓളം യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്നത്. ഇവര്‍ ഷട്ടില്‍ ബസില്‍ വിമാനത്തിലേക്ക് പോകുന്നതിനിടയിലാണ് വിമാനം പറന്നുയര്‍ന്നത്. തുടര്‍ന്ന് ഇവര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കി. സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
English Summary: Singapore-bound flight takes off from Amritsar airport without 35 passengers
You may also like this video