Site iconSite icon Janayugom Online

ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. രാവിലെ നുങ്കം പാക്കത്തിലെ വസതിയില്‍ നിലത്തുവീണ നിലയിലായിരുന്നു വാണി ജയറാമിനെ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണ ശേഷം മൂന്ന് വര്‍ഷമായി ഒറ്റയ്ക്കായിരുന്നു വാണിയുടെ താമസം. രാവിലെ പതിനൊന്ന് മണിയോടെ വീട്ടു ജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നിരുന്നില്ല

. തുടര്‍ന്ന് അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് വാണിയെ നിലത്തുവീണ നിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ മുറിവുണ്ടായിരുന്നു. കട്ടിലിന് സമീപത്തെ ടീപ്പോയില്‍ തലയിടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ആണ് ജനനം. എട്ടാം വയസിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. 1971‑ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി.

‘സ്വപ്നം’ എന്ന ചിത്രത്തിലെ ‘സൗരയൂഥത്തിൽ വിടർന്നൊരു’ എന്ന ഗാനത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവന്നത്. മലയാളത്തിൽ അവസാനമായി ആലപിച്ചത് പുലിമുരുകൻ എന്ന ചിത്രത്തിലെ ഗാനമായിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ നേടിയ വാണിയെ ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ഗുജറാത്ത്, ഒഡിഷ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായിക അവാർഡുകളും വാണിക്ക് ലഭിച്ചിട്ടുണ്ട്. ഇന്‍ഡോ ബെല്‍ജിയം ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു ഭര്‍ത്താവ് ജയറാം. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കില്‍പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തില്‍ നടക്കും.

Exit mobile version