Site iconSite icon Janayugom Online

എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; ബംഗാളില്‍ 58 ലക്ഷം പുറത്ത്, രാജസ്ഥാനില്‍ 42 ലക്ഷം

അതിതീവ്ര പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) പ്രക്രിയ വഴി പശ്ചിമബംഗാളില്‍ 58 ലക്ഷം പേരെ ഒഴിവാക്കി, ഇന്നലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മൂന്ന് സംസ്ഥാനങ്ങളുടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെയും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ആകെ 58,20,898 പേരെ ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി. മരിച്ചവരായി 24,16,852 പേരെയാണ് പട്ടികപ്പെടുത്തിയത്. സ്ഥിരമായി സ്ഥലം മാറിപ്പോകുകയോ കുടിയേറി പാര്‍ക്കുകയോ ചെയ്ത 19,88,076 പേരെയും ഒഴിവാക്കി. 12,20,038 പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കമ്മിഷന്‍ അറിയിച്ചു. 1,38,328 എന്‍ട്രികള്‍ ഇരട്ടിപ്പിന്റെ പേരിലും നീക്കം ചെയ്തു. മറ്റ് കാരണങ്ങളുടെ പേരില്‍ 57,604 പേരെയും പുറംതള്ളി. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷക്കണക്കിന് വോട്ട‍ര്‍മാരെ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും എസ്ഐആര്‍ മറയാക്കുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. എസ്‌ഐആറിന്റെ പേരിൽ അമ്മമാരുടെയും സഹോദരിമാരുടെയും അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു.

രാജസ്ഥാനിൽ 42 ലക്ഷത്തോളം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിക്കൊണ്ട് കരട് പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ ആകെ 5.46 കോടി വോട്ടർമാരിൽ 41.85 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഏകദേശം 11 ലക്ഷം വോട്ടർമാർക്ക് രേഖകൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നും കമ്മിഷന്‍ പറഞ്ഞു. ഗോവയില്‍ 1,00,042 പേരെ ഒഴിവാക്കി. 10,84,992 പേരാണ് പുതുക്കിയ വോട്ടര്‍ പട്ടികയിലുള്ളത്. ലക്ഷദ്വീപില്‍ 1,429 പേരെ ഒഴിവാക്കി. 57,813 പേരുടെ നിലവിലുണ്ടായിരുന്ന പട്ടികയില്‍ 56,384 പേരെ നിലനിര്‍ത്തി. പുതുച്ചേരിയില്‍ 1,03,467 പേരുകളാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഇതോടെ വോട്ടർമാരുടെ എണ്ണം 9,18,111 ആയി. 

Exit mobile version