സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന നിർദേശവുമായി ഹൈക്കോടതി. എസ് ഐ ആർ വിഷയത്തിലുള്ള സമാനമായ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ ഹൈക്കോടതി നാളെ ഉത്തരവ് പുറത്തിറക്കും. ജസ്റ്റിസ് വി ജെ അരുൺ അധ്യക്ഷനായ ബെഞ്ചാണ് ഈ നിർദേശം മുന്നോട്ട് വെച്ചത്. സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും വാദം കേട്ടതിന് ശേഷമായിരുന്നു കോടതിയുടെ തീരുമാനം.
എസ് ഐ ആറിൽ സർക്കാരിന് എതിർപ്പില്ലെന്നും, എന്നാൽ എസ് ഐ ആർ നീട്ടിവെക്കണം എന്നുമാണ് സർക്കാരിൻ്റെ ആവശ്യം. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് അടിയന്തിര പ്രാധാന്യമില്ലെന്നും ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നുവെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. എസ് ഐ ആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ നടപടി നിർത്തി വെക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത്. കേന്ദ്ര‑സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ ഒരുമിച്ചാണ് നടപടികൾ പൂർത്തിയാക്കുന്നതെന്നും അതിനാൽ ഭരണസ്തംഭനം ഇല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ബിഹാർ തെരഞ്ഞെടുപ്പ് സമയത്തും ഇതേ പ്രശ്നം പറഞ്ഞിരുന്നുവെങ്കിലും അവിടെ ഒരു കുഴപ്പവും ഉണ്ടായില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

