Site iconSite icon Janayugom Online

എസ്‌ഐആര്‍ രണ്ടാം ഘട്ടം; വിതരണം ചെയ്യാതെ 61.55 ലക്ഷം ഫോമുകള്‍

വോട്ടർപട്ടിക പുതുക്കുന്നതിനുള്ള സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്‍ (എസ്ഐആർ) രണ്ടാം ഘട്ടത്തിൽ, രാജ്യത്തൊട്ടാകെ ഏകദേശം 61.55 ലക്ഷം എന്യൂമറേഷൻ ഫോമുകൾ ഇപ്പോഴും വിതരണം ചെയ്യാനുണ്ടെന്ന് കണക്കുകൾ. വിതരണം പൂർത്തിയാക്കാത്ത സംസ്ഥാനങ്ങളിൽ തമിഴ്നാടാണ് മുന്നിൽ. കേരളം, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും വിതരണം പൂര്‍ത്തിയായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മൊത്തത്തിൽ, 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) 50.35 കോടി എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തു — ഏകദേശം 98.79%. ഇതിൽ 8.14 കോടി എണ്ണൽ ഫോമുകൾ ഡിജിറ്റൈസ് ചെയ്തു. രാജസ്ഥാനിലെ ആന്റ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് കാരണം എസ്ഐആർ നടപടിക്രമം താൽക്കാലികമായി മാറ്റിവെച്ചതിനാൽ, വിതരണം ചെയ്യാത്ത ഫോമുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്.

ആകെ 50.99 കോടി വോട്ടർമാരെ ഉൾപ്പെടുത്തി ഈ മാസം നാലിനാണ് എന്യൂമറേഷന്‍ ഫോം വിതരണം ആരംഭിച്ചത്. 6.41 കോടി വോട്ടർമാരുള്ള തമിഴ്നാട്ടിൽ, 6.10 കോടി ഫോമുകൾ വിതരണം ചെയ്തു. 31.05 ലക്ഷം ഫോമുകൾ ഇനിയും നല്‍കാനുണ്ട്. 2.78 കോടി വോട്ടർമാരുള്ള കേരളത്തിൽ 2.69 കോടി ഫോമുകൾ നൽകി. ഏകദേശം 8.33 ലക്ഷം പേർക്ക് വിതരണം ചെയ്യേണ്ടതുണ്ട്. 15.44 കോടി വോട്ടർമാരുള്ള യുപിയിൽ, അഞ്ച് ലക്ഷത്തോളം പേർക്ക് ഫോം ലഭിക്കാനുണ്ട്. 5.46 കോടി വോട്ടർമാരുള്ള രാജസ്ഥാനില്‍ 4.58 ലക്ഷം പേർക്ക് ഫോമുകൾ ലഭിച്ചിട്ടില്ല. ഇതിൽ, ഉപതെരഞ്ഞെടുപ്പ് കാരണം മാറ്റിവെച്ച ആന്റ മണ്ഡലത്തിലെ ഏകദേശം 2.28 ലക്ഷം വോട്ടർമാരും ഉൾപ്പെടുന്നു. ഛത്തീസ്ഗഢില്‍ 2.76 ലക്ഷം, പശ്ചിമ ബംഗാൾ 2.26 ലക്ഷം, ഗുജറാത്ത് 2.12 ലക്ഷം, മധ്യപ്രദേശ് 1.37 ലക്ഷം, പുതുച്ചേരി 5446, എന്നിങ്ങനെയാണ് കണക്കുകള്‍. ഗോവയില്‍ ഏകദേശം പൂര്‍ണമായി വിതരണം ചെയ്തു. 11.85 ലക്ഷത്തിൽ 31 പേർക്ക് മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ലക്ഷദ്വീപില്‍ 57,813 വോട്ടർമാർക്കും ഫോം വിതരണം പൂർത്തിയായി.
12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5.33 ലക്ഷം ബൂത്ത് ലെവൽ ഓഫിസർമാരെയും പാർട്ടികളുടെ 10.41 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരെയും നിയമിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. 

Exit mobile version