പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനയിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളിയ സംഭവത്തിൽ ബൂത്ത് ലെവൽ ഓഫിസര്‍ (ബിഎൽഒ) ഉൾപ്പെടെ രണ്ടുപേർ പിടിയിലായി. ബിഎൽഒ ആയി ജോലി ചെയ്യുന്ന റിസ്‌വാൻ ഹസൻ മൊണ്ടൽ, ഇയാളുടെ സഹായി സാഗർ ഗൈൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബദുരിയ സ്വദേശിയായ നസീർ അലി (30) ആണ് കൊല്ലപ്പെട്ടത്.
നസീർ അലിയുടെ ഭാര്യയുമായി പ്രതിയായ റിസ്‌വാൻ മൊണ്ടൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നസീറിനെ റിസ്‌വാൻ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് നസീറിനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. തുടർന്ന് സഹായിയുടെ സഹായത്തോടെ ശരീരഭാഗങ്ങൾ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലെ കനാലുകളിൽ ഉപേക്ഷിക്കുകയായിരുന്നു.
നസീറിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നസീർ അവസാനമായി സംസാരിച്ചത് റിസ്‌വാനോടാണെന്ന് കണ്ടെത്തി. റിസ്‌വാന്റെ ഫോൺ കോളുകളും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ കൊലപാതകം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നതായി വ്യക്തമായി. വെള്ളിയാഴ്ച രാവിലെ കനാലിൽ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ റിസ്‌വാൻ കുറ്റം സമ്മതിച്ചു.
കൊലപാതക വാർത്ത പുറത്തുവന്നതോടെ ബദുരിയയിൽ വലിയ ജനരോഷമാണ് ഉണ്ടായത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കർശന നടപടി ഉറപ്പുനൽകിയ ശേഷമാണ് നാട്ടുകാർ പിരിഞ്ഞുപോയത്. സംഭവത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയ്ക്ക് പങ്കുണ്ടോ എന്ന കാര്യവും ഗൗരവമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
എസ്ഐആര്‍ ഹിയറിങ്ങിന് വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ ബിഎല്‍ഒ പിടിയില്‍

