Site icon Janayugom Online

സിസ്റ്റർ ലൂസി കളപ്പുരക്കൽ സത്യഗ്രഹം ആരംഭിച്ചു

sister

കോടതിവിധിയുണ്ടായിട്ടും മഠത്തിനുള്ളില്‍ തനിക്കെതിരെയുള്ള മാനസികപീഡനങ്ങള്‍ തുടരുകയാണെന്ന് ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സത്യഗ്രഹ സമരം ആരംഭിച്ചു.
മാനന്തവാടി കാരക്കാമലയിലെ എഫ്‌സിസി കോണ്‍വെന്റിന് മുന്നിലാണ് ലൂസി കളപ്പുരക്കല്‍ സമരമിരിക്കുന്നത്. നാലു വര്‍ഷമായി മഠത്തിലെ ഒരാള്‍പോലും തന്നോട് സംസാരിക്കാറില്ലെന്ന് സിസ്റ്റര്‍ പറഞ്ഞു. രണ്ടു വര്‍ഷമായി ലഭിച്ച കോടതിവിധി പ്രകാരമുള്ള അവകാശങ്ങള്‍ പോലും ഹനിക്കുകയാണ്. മഠത്തില്‍ അഭയാര്‍ത്ഥിയെ പോലെയാണ് നിലവില്‍ താമസിക്കുന്നത്. തന്റെ കൂടി അധ്വാനത്തിന്റെ ഫലമായി മഠത്തില്‍ സജ്ജീകരിച്ച പൊതുസൗകര്യങ്ങള്‍ പോലും ഉപയോഗിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല. ഭക്ഷണത്തിലടക്കം നിലവില്‍ മഠം അധികാരികള്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും മനുഷ്യത്വരഹിതമായി ഉപദ്രവിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
തന്നെ നിരന്തരം അപമാനിക്കുകയാണ്. ഭക്ഷണം നിഷേധിക്കുന്നു, അനുകൂല കോടതി വിധിയുണ്ടായിട്ടും ഉപദ്രവം തുടരുന്നു, കുളിമുറിക്കടുത്തും കിടപ്പുമുറിക്കടുത്തും സിസിടിവി കാമറകള്‍ സ്ഥാപിച്ചു. കോറിഡോറിലടക്കം നിരവധി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ മഠം അധികൃതര്‍ നടത്തുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.
നിലവിലെ കേസ് കഴിയുന്നതുവരെ മഠത്തിന്റെ എല്ലാ സൗകര്യങ്ങളും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും അവകാശപ്പെട്ടതാണെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും മാനിക്കാതെയാണ് മഠം അധികൃതര്‍ ഉപദ്രവങ്ങള്‍ തുടരുന്നതെന്നാണ് സിസ്റ്റര്‍ ഉയര്‍ത്തുന്ന പരാതി.
മഠത്തിലെ പൊതു ഇടങ്ങളില്‍ നിന്നെല്ലാം അകറ്റിനിര്‍ത്തുകയാണ്. ഇത് സംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ല. ഇതോടെയാണ് സത്യഗ്രഹ സമരത്തിന് മുന്നിട്ടിറങ്ങിയത്.
മഠത്തിലെ സിസ്റ്റര്‍മാര്‍ നീതി പാലിക്കുക, തന്റെ ആവശ്യങ്ങള്‍ ഒരു മനുഷ്യനെന്ന നിലയില്‍ സാധിച്ച് തരാനുള്ള നടപടികള്‍ കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ മഠത്തിന് മുന്നില്‍ സത്യഗ്രഹമിരിക്കുന്നത്.

Eng­lish Sum­ma­ry: Sis­ter Lucy start­ed the Satya­gra­ha at Kalapurakkal

You may like this video also

Exit mobile version