Site iconSite icon Janayugom Online

കുഞ്ഞനിയന് നീതി തേടി ചേച്ചിമാർ

അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞനിയന് നീതി തേടി ചേച്ചിമാർ ബാലാവകാശ കമ്മീഷന് കത്തെഴുതി. ആലപ്പുഴ ലജ്നത്ത് വാർഡ് സ്വദേശി അനീഷ് മുഹമ്മദ് — സുറുമി ദമ്പതികളുടെ മക്കളായ പന്ത്രണ്ടുവയസ്സുകാരി ആലിയയും ആറുവയസ്സുകാരി ഐഹയുമാണ് നീതിതേടിയിറങ്ങിയത്. എട്ട് മാസം പ്രായമായിട്ടും കുഞ്ഞനിയനെ എടുക്കാനോ, കൊഞ്ചിക്കാനോ ചേച്ചിമാർക്കായിട്ടില്ല. ”ഞങ്ങളുടെ കുഞ്ഞനിയനെ രക്ഷിക്കണം. ഡോക്ടർമാരും ലാബിലെ ചേച്ചിമാരും ചേട്ടന്മാരും ശ്രദ്ധിക്കാത്തതു കൊണ്ടാണത്രെ ഞങ്ങളുടെ കുഞ്ഞനിയനിങ്ങനെ സംഭവിച്ചത്. ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ ഒരു സന്തോഷവുമില്ല. വാപ്പിക്ക് പണിക്ക് പോകാൻ പറ്റുന്നില്ല. വാപ്പി വണ്ടി ഓടിച്ചിട്ടാണ് ഞങ്ങൾക്ക് ആഹാരവും ഉടുപ്പും കളിപ്പാട്ടങ്ങളും ബുക്കും ബാഗും വാങ്ങിത്തന്നിരുന്നത്. ഞങ്ങൾ അലപ്പുഴ സെന്റ് ജോസഫ് സ്കൂളിലെ 7-ാം ക്ലാസിലെയും 1-ാം ക്ലാസിലെയും വിദ്യാർത്ഥികളാണ്. 

വാപ്പിയും ഉമ്മിയും എപ്പോഴും കുഞ്ഞിന്റെ അടുത്താണ്. ഞങ്ങളെ ശ്രദ്ധിക്കാൻ അവർക്ക് സമയം കിട്ടുന്നില്ല. വാപ്പിയും ഉമ്മിയും എപ്പോഴും വിഷമിച്ചിരിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും പേടിയാകുന്നു. ദയവായി സഹായിക്കണം” ഇതാണ് ബാലാവകാശ കമ്മീഷനയച്ച കത്തിലുള്ളത്. കഴിഞ്ഞ നവംബർ എട്ടിനാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ അസാധാരണ വൈകല്യങ്ങളോെ കുഞ്ഞ് ജനിച്ചത്. സ്കാനിംഗ് വേളയിലോ പരിശോധനാ വേളയിലോ പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ ഡോക്ടർമാർക്കും ലാബ് ജീവനക്കാർക്കും സാധിച്ചിരുന്നില്ല. ചികിത്സാപ്പിഴവ് ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.

Exit mobile version